prathapan
കൊല്ലപ്പെട്ട കോൺഗ്രസ് പ്രവർത്തകൻ എ.സി.ഹനീഫയുടെ വീട്ടിലെത്തി ഉമ്മ ഐഷാബിയുടെ അനുഗ്രഹം വാങ്ങുന്ന ടി.എൻ. പ്രതാപൻ

ചാവക്കാട്: കോൺഗ്രസ് ഗ്രൂപ്പ് പോരിനെ തുടർന്ന് കുത്തേറ്റു മരിച്ച എ.സി. ഹനീഫയുടെ മണത്തല ബേബി റോഡിലുള്ള വീട്ടിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ടി.എൻ. പ്രതാപനെത്തി. മോൻ ജയിക്കും, ഉമ്മ ദുആ ചെയ്യും... ടി.എൻ പ്രതാപനെ കെട്ടിപ്പിടിച്ച് ഹനീഫയുടെ ഉമ്മ പറഞ്ഞു. ചാവക്കാട് മണത്തല ബേബി റോഡിൽ കൊല്ലപ്പെട്ട കോൺഗ്രസ് പ്രവർത്തകൻ എ.സി. ഹനീഫയുടെ വീട്ടിലെത്തി ഉമ്മ ഐഷാബിയുടെ അനുഗ്രഹം വാങ്ങിക്കുകയായിരുന്നു പ്രതാപൻ.

ഗുരുവായൂർ നിയോജക മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഹനീഫയുടെ വീട്ടിൽ നിന്നു തുടക്കം കുറിച്ചു. രാവിലെ തന്നെ വീട്ടിലെത്തിയ പ്രതാപൻ ഉമ്മയെയും ഹനീഫയുടെ മക്കളെയും കണ്ടു. മോൻ ജയിച്ചു വരുമെന്നും ഉമ്മ എപ്പോഴും പ്രാർത്ഥിക്കുമെന്നും പ്രതാപന്റെ തലയിൽ കൈവച്ച് അനുഗ്രഹിച്ചാണ് ഹനീഫയുടെ കുടുംബം യാത്രയാക്കിയത്. കഴിഞ്ഞ ദിവസം കെ.വി. അബ്ദുൾ ഖാദർ എം.എൽ.എ യുടെ മാതാവ് മരിച്ച വിവരം അറിഞ്ഞ് ടി.എൻ. പ്രതാപൻ എവിടെ എത്തിയിരുന്നു.

ഇവിടെ നിന്നും കിലോ മീറ്ററുകൾ മാത്രം ദൂരമുള്ള ഹനീഫയുടെ വീട്ടിൽ അന്ന് പ്രതാപൻ പോകാതിരുന്നത് മേഖലയിൽ വലിയ ചർച്ചയ്ക്ക് ഇട വരുത്തിയിരുന്നു. ഇതിനിടയിലാണ് അപ്രതീക്ഷിതമായി പ്രതാപൻ ഹനീഫയുടെ വീട്ടിൽ എത്തിയത്. തിരുവത്ര ടി.എം. മഹലിൽ വച്ചാണ് യു.ഡി.എഫ് നിയോജക മണ്ഡലം കൺവെൻഷൻ നടന്നത്.