തൃശൂർ: ചേലക്കര അന്തിമഹാകാളൻകാവ് വേലയോട് അനുബന്ധിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ മായം ചേർത്ത മിഠായികൾ പിടികൂടി. നിരോധിച്ച റോഡമിൻബി ചേർത്ത മിഠായികളാണ് ഉദ്യോഗസ്ഥർ പിടികൂടിയത്. വേലപ്പറമ്പിൽ താത്കാലിക സ്റ്റാളുകളിൽ നിന്നാണ് ഇവ പിടിച്ചെടുത്തത്. ഇത്തരം കളർ ചേർത്ത മിഠായികൾ കഴിച്ചാൽ കാൻസർ ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് ഇടയാക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. മഞ്ഞ, ഓറഞ്ച്, പിങ്ക് കളറുകളിലുള്ള മിഠായികളാണ് വിൽപ്പന നടത്തിയരുന്നത്. ഭക്ഷ്യസുരക്ഷാ ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചിരുന്ന 34 സ്റ്റാളുകൾക്ക് നോട്ടീസ് നൽകി.
ചേലക്കര, മേപ്പാടം, അന്തിമഹാകാളൻകാവ് എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. ഉത്സവപ്പറമ്പുകളിൽ വിതരണം ചെയ്യുന്ന ശീതളപാനീയങ്ങൾ ഉണ്ടാക്കുന്നതിന് ശുദ്ധജലം ഉപയോഗിക്കണമെന്നും ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി. പലരും കൃത്യമായ ലേബൽ ഇല്ലാതെയാണ് വിൽപ്പന നടത്തുന്നതെന്നും കണ്ടെത്തി. ഇങ്ങനെ കണ്ടെത്തിയാൽ മൂന്നു ലക്ഷം രൂപ വരെ പിഴ നൽകേണ്ടി വരുമെന്നും ഭക്ഷ്യ വസ്തുക്കളിൽ ആരോഗ്യത്തിന് ഹാനികരമാകുന്ന വസ്തുകൾ കണ്ടാൽ ആറു മാസം മുതൽ ജീവപര്യന്തം വരെ തടവു ശിക്ഷ ലഭിക്കും. ജില്ലാ ഫുഡ് സേഫ്ടി അസി. കമ്മിഷണർ ജി. ജയശ്രീ, ഓഫീസർമാരായ വി.കെ. പ്രദീപ്, ഡോ. ലിജ എന്നിവർ നേതൃത്വം നൽകി.