തൃശൂർ: കേരളത്തിലെ ആനകളിലെ പ്രമുഖൻ ഗജരാജൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് എഴുന്നെള്ളിപ്പുകൾക്ക് പൂർണ്ണ വിലക്ക്. ആനക്ക് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും എഴുന്നെള്ളിപ്പിനുള്ള ശാരീരിക ശേഷിയില്ലെന്നും ഉത്സവ എഴുന്നെള്ളിപ്പുകൾ അടക്കമുള്ള പരിപാടികളിൽ പങ്കെടുപ്പിക്കരുതെന്നും നിർദ്ദേശിച്ച് ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് ഉത്തരവിട്ടത്. ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആനയെ മറ്റൊരിടത്തേക്കും സ്ഥലം മാറ്റരുതെന്ന് നിർദ്ദേശിച്ച് കളക്ടർ ദേവസ്വത്തിന് നിർദ്ദേശം നൽകി.

രാമചന്ദ്രന്റെ എഴുന്നെള്ളിപ്പുകൾ വിലക്കിയ നടപടിയിൽ പ്രതിഷേധിച്ച് ആനപ്രേമി സംഘവും, തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഫാൻസുകാരും ഞായറാഴ്ച പ്രതിഷേധ പരിപാടി സംഘടിപ്പിക്കും. രാവിലെ പത്തിന് തൃശൂരിൽ തേക്കിൻകാട് മൈതാനി തെക്കെ ഗോപുര നടയിലാണ് പ്രതിഷേധം. കഴിഞ്ഞ ഫെബ്രുവരി എട്ടിന് ഗുരുവായൂരിൽ ഗൃഹപ്രവേശത്തിനെത്തിച്ച ആന പടക്കം പൊട്ടിച്ചതിനെ തുടർന്ന് ഇടഞ്ഞ് രണ്ട് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിന് പിന്നാലെയാണ് എഴുന്നെള്ളിപ്പുകളിൽ നിന്ന് താത്കാലിക വിലക്ക് വന്നത്. ഇതാണ് ഇപ്പോൾ പൂർണ്ണ വിലക്കിലേക്ക് നീങ്ങുന്നത്.

തലയെടുപ്പിലും, ചന്തത്തിലും, ഉയരക്കാരിലും കേരളത്തിലെ നാട്ടാനകളിലെ മുൻനിരക്കാരനാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ. 13 പേരെയാണ് ഇതിനിടെ രാമചന്ദ്രന്റെ അക്രമത്തിൽ കൊല്ലപ്പെട്ടത്. തൃശൂർ പൂരത്തിന്റെ വിളംബരമായി അറിയപ്പെടുന്ന തെക്കെഗോപുര വാതിൽ തുറന്നിടുന്ന ചടങ്ങിനെ പൂരത്തോളം ജനകീയമാക്കിയത് രാമചന്ദ്രന്റെ വരവോടെയാണ്. ഗുരുവായൂരിലെ എഴുന്നെള്ളിപ്പിൽ പങ്കെടുപ്പിക്കുന്നതിന് പരിശോധന നടത്തിയിട്ടില്ലെന്നും ഇക്കാര്യത്തിൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ഹെറിറ്റേജ് അനിമൽ ടാസ്‌ക്‌ഫോഴ്‌സ് ചീഫ് സെക്രട്ടറിക്കും, ചീഫ് വൈൽഡ് ലൈഫ് വാർഡനും പരാതി അയച്ചതിനെ തുടർന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ നിയോഗിച്ച അഞ്ചംഗ സമിതിയുടെ വിശദ പരിശോധനാ റിപ്പോർട്ടിലാണ് ആനക്ക് ആരോഗ്യാവസ്ഥ വ്യക്തമാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ എഴുന്നെള്ളിപ്പ് അടക്കമുള്ളവ അരുതെന്നും പറയുന്നു. വിദഗ്ദ്ധ സംഘത്തിന്റെ റിപ്പോർട്ട് അടക്കമാണ് കളക്ടർക്ക് ചീഫ് വൈൽഡ് ലൈഫ് വാർഡൻ അയച്ചിരിക്കുന്നത്. അടുത്ത ദിവസം ആനയെ തിരുവനന്തപുരത്ത് എത്തിച്ച് പരിപാടി സംഘടിപ്പിക്കാനിരിക്കെയാണ് ആനയെ സ്ഥലം മാറ്റരുതെന്ന നിർദ്ദേശവും എത്തിയിരിക്കുന്നത്.