കൊടുങ്ങല്ലൂർ: കഴിഞ്ഞ തിരഞ്ഞെടുപ്പിന് ചിരിച്ചു കൊണ്ട് വോട്ട് ചോദിച്ചെങ്കിൽ ഇക്കുറി ഗൗരവത്തിലാണ് വോട്ടഭ്യർത്ഥനയെന്ന് ചാലക്കുടി പാർലമെന്റ് മണ്ഡലത്തിൽ രണ്ടാം ഊഴം തേടുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥി ഇന്നസെന്റ് പറഞ്ഞു. 1750 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് മണ്ഡലത്തില്‍ നടത്തിയതെന്നതിലും സ്വതന്ത്ര ചിഹ്നത്തിൽ നിന്നും പാർട്ടി ചിഹ്നത്തിലേക്ക് മാറാനായതിലും അഭിമാനമുണ്ടെന്നും ചിരിപ്പിക്കാന്‍ വേണ്ടി പറഞ്ഞതല്ല വികസനമാണ് തിരഞ്ഞെടുപ്പ് വിഷയമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കയ്പമംഗലം മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ നടത്തിയ സ്ഥാനാർത്ഥി പര്യടനത്തിന് സമാപനം കുറിച്ച് അഴീക്കോട് നടന്ന സ്വീകരണച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടെലിവിഷന്‍ ചാനലുകളിലെ ഹാസ്യപരിപാടികളില്‍ പങ്കെടുത്ത് ചിരിപ്പിക്കാന്‍ വേണ്ടി സ്വയം പരിഹസിച്ചു പറയുന്നതിന്റെ വിഡിയോ ക്ലിപ്പുകള്‍ ഫോര്‍വേഡ് ചെയ്യലല്ല തിരഞ്ഞെടുപ്പിന് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. നമ്മള്‍ സ്വയം പരിഹസിക്കുന്നത് കേട്ടു ചിരിക്കാനാണ് അധികം പേര്‍ക്കും ഇഷ്ടമെന്നും ഇന്നസെന്റ് തുടർന്ന് പറഞ്ഞു.