തൃശൂർ: അടുത്ത സാമ്പത്തിക വർഷത്തെ ആദ്യപാദത്തിലേക്കുള്ള വോട്ട് ഓൺ അക്കൗണ്ട് കാർഷിക സർവകലാശാലാ ജനറൽ കൗൺസിൽ അംഗീകരിച്ചു. 206.68 കോടിയാണ് ഏപ്രിൽ ഒന്നു മുതൽ നാലു മാസക്കാലത്തേക്ക് വകയിരുത്തിയത്. ഇതിൽ 160.33 കോടി പദ്ധതിയേതര ഇനത്തിലും 26.29 കോടി പദ്ധതിയിനത്തിലും വകയിരുത്തി. ബാഹ്യ സഹായപദ്ധതികൾ റിവോൾവിംഗ് ഫണ്ട് പദ്ധതികൾക്കും ആയി 20.06 കോടിയാണ് വകയിരുത്തിയിരിക്കുന്നത്. 620 കോടിയാണ് അടുത്ത സാമ്പത്തിക വർഷത്തെ ബഡ്ജറ്റിന്റെ പ്രതീക്ഷിത അടങ്കൽ.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാലാണ് ബഡ്ജറ്റിനു പകരം വോട്ട് ഓൺ അക്കൗണ്ട് അവതരിപ്പിക്കുന്നതെന്ന് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച വൈസ് ചാൻസലർ ഡോ. ആർ. ചന്ദ്ര ബാബു പറഞ്ഞു. സമ്പൂർണ ബഡ്ജറ്റ് പിന്നീട് അവതരിപ്പിക്കും.
അടുത്ത അദ്ധ്യയന വർഷം ജൈവ കൃഷിക്കായി പ്രത്യേക വകുപ്പ് ആരംഭിക്കാൻ ഉദ്ദേശിക്കുന്നതായി വൈസ് ചാൻസലർ സഭയെ അറിയിച്ചു.
ഭരണ സമിതി അംഗങ്ങളായ കെ. രാജൻ എം.എൽ.എ, ഡോ. എ. അനിൽ കുമാർ, ഡോ. കെ. അരവിന്ദാക്ഷൻ, ഡോ. ടി. പ്രദീപ് കുമാർ, രജിസ്ട്രാർ ഡോ. പി.എസ്. ഗീതകുട്ടി, കൃഷി ഡയറക്ടർ ഡോ. പി.കെ. ജയശ്രീ എന്നിവർ സംബന്ധിച്ചു.
ഡോ. ബി. സുമ, പി.കെ. ശ്രീകുമാർ, പി.ആർ. രജിത്, ഡോ. എസ്. എസ്റ്റലീറ്റ, ഡോ. കെ.കെ. സത്യൻ, സി.എച്ച്. മുത്തു, എം. അസ്സൈനാർ, ഡോ. തോമസ് ജോർജ്ജ്, അബിൻ വർഗീസ്, വസിം ഫജൽ, ബിബിൻ ചാക്കോ, കെ.ഡി. ബാബു, വി. രാജൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.