തൃശൂർ: സൂര്യാഘാത സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ടെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണവഴികളിൽ തളരാതെ സ്ഥാനാർത്ഥികൾ. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഇത് നാല് ഡിഗ്രി വരെ താപനില കൂടിയേക്കാമെന്നാണ് പ്രവചനം. ജാഗ്രതാ നിർദ്ദേശം നൽകിയ ജില്ലകളിലൊന്നായ തൃശൂരിൽ, തിരഞ്ഞെടുപ്പ് ബോധവത്കരണവുമായി ജില്ലാ ഭരണകൂടവും സജീവമാണ്.

വോട്ടിംഗ് മെഷിനുമായി ആദിവാസി കോളനിയിൽ
ഒല്ലൂർ നിയോജക മണ്ഡലത്തിലെ മണിയൻ കിണർ ആദിവാസി കോളനിയിൽ സ്വീപിന്റെ ഭാഗമായി വിവിപാറ്റ് വോട്ടിംഗ് മെഷീൻ പരിചയപ്പെടുത്തലും തിരഞ്ഞെടുപ്പ് ബോധവത്കരണവും നടത്തി. ജില്ലാ ഇലക്‌ഷൻ ഓഫീസറായ കളക്ടർ ടി.വി. അനുപമ ഉദ്ഘാടനം ചെയ്തു. വോട്ടിംഗിന്റെ പ്രാധാന്യം മനസ്സിലാക്കലും തിരഞ്ഞെടുപ്പു കമ്മിഷൻ നിഷ്‌കർഷിക്കുന്ന ബോധവത്കരണ പരിപാടികൾ ജനങ്ങളിൽ എത്തിക്കുകയുമാണ് ഈ പരിപാടിയുടെ ലക്ഷ്യമെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.

മണിയൻ കിണർ സാംസ്‌കാരിക നിലയം ഹാളിൽ നടന്ന ചടങ്ങിൽ 150 ഓളം ആദിവാസികൾ സ്വീപ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ പുതിയ മെഷിൻ ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്തി. ജില്ലാ നോഡൽ ഓഫീസർ പി.ഡി. സിന്ധു, പട്ടികജാതി വികസന ഓഫീസർ സന്തോഷ് കുമാർ, ഊരുമൂപ്പൻ കുട്ടൻ, തിരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

92371സാമഗ്രികൾ നീക്കി

മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ ലോക്‌സഭാ മണ്ഡലങ്ങളിലെ പൊതു സ്ഥലങ്ങളിൽ അനധികൃതമായി സ്ഥാപിച്ചിരുന്ന 298 ചുവരെഴുത്തുകളും 83817 പോസ്റ്ററുകളും 2619 ബാനറുകളും 5637 കൊടികളുൾപ്പെടെ 92371 പ്രചരണ സാമഗ്രികൾ നീക്കം ചെയ്തതായി ജില്ലാ ഇലക്ഷൻ ഓഫീസറായ ജില്ലാ കളക്ടർ ടി.വി അനുപമ അറിയിച്ചു.