വാടാനപ്പള്ളി: പ്രളയത്തെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന പട്ടികജാതി കുടുംബം കുടിയൊഴിപ്പിക്കൽ ഭീഷണിയിൽ. തളിക്കുളം കച്ചേരിപ്പടി മേപ്പറമ്പിൽ അശോകൻ - ചന്ദ്രിക ദമ്പതികളുടെ കുടുംബമാണ് സ്വന്തമായി കിടപ്പാടമില്ലാതെ ദുരിതത്തിൽ കഴിയുന്നത്. ഈ മാസം 31നകം കമ്മ്യൂണിറ്റി ഹാളിൽ നിന്ന് ഒഴിഞ്ഞു പോകണമെന്നാണ് പഞ്ചായത്ത് - റവന്യൂ അധികൃതരുടെ മുന്നറിയിപ്പ്.
മൂന്നു പെൺമക്കളാണ് ഇവർക്ക്. ഇളയ മകളുടെ വിവാഹ ആവശ്യത്തിന് കടം കയറിയതോടെയാണ് ആകെയുണ്ടായിരുന്ന മൂന്ന് സെന്റ് സ്ഥലം വിറ്റ് കുടുംബം വാടക വീട്ടിലേക്ക് താമസം മാറ്റിയത്. എന്നിട്ടും ദുരിതം വിട്ടുമാറിയില്ല. പ്രളയത്തിൽ വാടകവീടും മുങ്ങി. ഇതോടെ തളിക്കുളം ഗവ. ഹൈസ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെത്തി. 15 ദിവസത്തോളം ക്യാമ്പിൽ കഴിഞ്ഞു.
വെള്ളം ഒഴിഞ്ഞതോടെ അഞ്ച് കുടുംബങ്ങൾ ഒഴിച്ച് മറ്റ് കുടുംബങ്ങൾ സ്വന്തം വീടുകളിലേക്ക് മാറി. വീടുകൾ ഭാഗികമായി തകർന്ന നാല് കുടുംബങ്ങളും ഇവരും സ്കൂൾ തുറന്നതോടെ കച്ചേരിപ്പടിയിലെ പഞ്ചായത്ത് അംബേദ്കർ കമ്മ്യൂണിറ്റി ഹാളിലേക്ക് മാറി. പിന്നീട് പുളിയംതുരുത്ത് ക്ലബിന്റെ നേതൃത്വത്തിൽ വീടുകളിൽ അറ്റകുറ്റപ്പണി നടത്തിയതോടെ നാലു കുടുംബങ്ങളും തിരികെ പോയെങ്കിലും ചന്ദ്രികയുടെ കുടുംബം മാത്രം കമ്മ്യൂണിറ്റി ഹാളിലായി.
താമസം മാറാൻ സമ്മർദ്ദമുണ്ടെങ്കിലും ഗീതഗോപി എം.എൽ.എ. ഇടപെട്ട് ഇവരെ കമ്മ്യൂണിറ്റി ഹാളിൽ തന്നെ താമസിപ്പിച്ചു. സ്ഥലവും വീടും നൽകുമെന്ന് അധികൃതർ ഉറപ്പ് നൽകിയിരുന്നു. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം പഞ്ചായത്ത് - റവന്യൂ അധികൃതർ നേരിട്ടെത്തി ഉടൻ ഒഴിയണമെന്ന് ആവശ്യപ്പെട്ടത്. നേരത്തെ ആവശ്യവസ്തുക്കളും പാചകവാതക സിലിണ്ടറും നൽകിയിരുന്നെങ്കിലും രണ്ട് മാസമായി ഒന്നും നൽകാറില്ല.
കോൺക്രീറ്റ് പണിക്കാരനായ അശോകൻ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് കൈ ഒടിഞ്ഞ് സ്റ്റീൽ ഇട്ടിരിക്കുകയാണ്. ഡിസ്ക് തെറ്റി ശസ്ത്രക്രിയയ്ക്ക് വിധേയയായ ഭാര്യ ചന്ദ്രികയും വിശ്രമത്തിലാണ്. ഇവരോടൊപ്പമുള്ള മകൾ ദിവ്യയും രോഗിയാണ്. മകൾക്ക് ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർ നിർദ്ദേശിച്ചിട്ടും പണമില്ലാത്തതിനാൽ നടന്നില്ല. ഏതെങ്കിലും വാടക വീട് കണ്ടെത്തി താമസം മാറ്റണമെന്നാണ് അധികൃതരുടെ ആവശ്യം.
മരുന്നിന് പോലും വകയില്ലാതെ വിഷമിക്കുന്നവർ വാടക വീട് എങ്ങനെ കണ്ടെത്തുമെന്നാണ് ആശങ്ക. സ്ഥലവും വീടും നൽകാമെന്നതും ആറ് ലക്ഷം രൂപ സഹായം ലഭിക്കുമെന്ന വാഗ്ദാനവും നടപ്പിലായില്ലെന്ന് ചന്ദ്രിക പറയുന്നു. 31 കഴിഞ്ഞാൽ മകളുമായി ഇനി എന്ത് ചെയ്യുമെന്ന ഭയമാണ് കുടുംബത്തിന്. ഒഴിയേണ്ടിവന്നാൽ അന്തിയുറക്കാൻ കടകളുടെ വരാന്തകളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് കുടുംബം.