തൃശൂർ: യു.ഡി.എഫ് സ്ഥാനാർത്ഥി ടി.എൻ. പ്രതാപന് കിഡ്‌നി ഫൗണ്ടേഷൻ ചെയർമാൻ ഫാ. ഡേവിസ് ചിറമ്മലിന്റെ അനുഗ്രഹം. വൈലത്തൂർ നായരങ്ങാടി പള്ളിയിൽ കിഡ്‌നി ഫെഡറേഷനു വേണ്ടി ഫാ. ഡേവിസ് ചിറമ്മലിന്റെ മേൽനോട്ടത്തിൽ ഇറക്കുന്ന അച്ചാർ യൂണിറ്റ് സന്ദർശന വേളയിലാണ് അദ്ദേഹം പ്രതാപന് ആശംസകൾ അറിയിച്ചത്.
കിഡ്‌നി രോഗികൾക്ക് ചികിത്സാ സഹായത്തിന് വേണ്ടി വീടുകളിൽ നിന്നും ശേഖരിച്ച മാങ്ങകൾ കൊണ്ടുണ്ടാക്കിയ അച്ചാറിന്റെ ആദ്യ വിൽപ്പന പ്രതാപന്റെ കൈകൾ കൊണ്ടു നടത്തുകയാണെന്നും അച്ചാർ വിൽപ്പനയിലൂടെ കിട്ടുന്ന സംഭാവന കിഡ്‌നി രോഗികൾക്ക് വേണ്ടിയാണ് ചെലവഴിക്കുകയെന്നും ഡേവിസ് ചിറമ്മൽ പറഞ്ഞു.
ഗുരുവായൂരിലെ മത മേലദ്ധ്യക്ഷൻമാരെ കണ്ടും ആരാനലായം സന്ദർശിച്ചും കൊണ്ടായിരുന്നു സ്ഥാനാർത്ഥിയുടെ ഇന്നലത്തെ പര്യടനം. അണ്ടത്തോട് തഖ്‌വ യതീം ഖാനയിൽ കുട്ടികളുടെ പ്രാർത്ഥന സ്വീകരിക്കാനെത്തി. തൊഴിയൂർ ദാറുറഹ്മ യതീംഖാനയിലെ വാഫി കോളജ് അടക്കമുള്ള 150ഓളം കുട്ടികളുടെ പ്രാർത്ഥന ചടങ്ങിലും പങ്കുകൊണ്ടു. കപ്ലിയങ്ങാട് ദേവീക്ഷേത്രം, പേരകം സെന്റ്‌മേരീസ് ചർച്ച് വടക്കേക്കാട് ഏനുക്കുടി മുസ്‌ലിയാർ കബറിടം, പറയങ്ങാട് മസ്ജിദ്, കടപ്പുറം പഞ്ചായത്തിലെ ബുഖാറ, ഉപ്പാപ്പപള്ളി എന്നിവിടങ്ങളിൽ സന്ദർശനം നടത്തി.
തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ജലീൽ വലിയകത്ത്, കെ. നവാസ്, മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.എച്ച്. റഷീദ്, യു.ഡി.എഫ് നേതാക്കളായ എം.വി. ഹൈദറലി, ജാഫർ സാദിഖ്, ആർ.പി. ബഷീർ, ഫസലുൽ അവി, എ. അലാവുദ്ദീൻ, സുലൈമു വലിയകത്ത്, കെ.പി.എ. ഉമ്മർ, സലാം അകലാട് എന്നിവർ വിവിധ ഇടങ്ങളിൽ സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു.