jassim-
കുളത്തിൽ മുങ്ങി മരിച്ച ജാസിം

കയ്പ്പമംഗലം: സുഹൃത്തുക്കളുമൊത്ത് കുളത്തിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർത്ഥി മുങ്ങി മരിച്ചു. കയ്പ്പമംഗലം 12 സ്വദേശി പള്ളിപറമ്പിൽ മൊയ്തീൻ കുട്ടിയുടെ മകൻ ജാസിമാണ് (17) മരിച്ചത്. ഇന്നലെ ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. കണ്ണംപുള്ളിപ്പുറം വായനശാലക്ക് വടക്ക് വശമുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലത്തുള്ള ഇത്തൾ കുളം എന്നറിയപെടുന്ന കുളത്തിലാണ് ഏഴംഗ സംഘം കുളിക്കാനെത്തിയത്. ഒരേക്കർ വ്യാപ്തിയുള്ള കുളത്തിൽ നീന്തികുളിക്കാനിറങ്ങിയ അഞ്ച് പേരിൽ രണ്ട് പേർ ചെളിയിൽ താഴ്ന്നു പോവുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ ചേർന്ന് ഒരാളെ രക്ഷപ്പെടുത്തിയെങ്കിലും ജാസിം താഴ്ന്നു പോവുകയായിരുന്നു. കൂട്ടുകാരുടെ നിലവിളി കേട്ടെത്തിയ നാട്ടുകാർ കുളത്തിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് തൃപ്രയാറിൽ നിന്നെത്തിയ ഫയർഫോഴ്‌സും കയ്പമംഗലം പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് രണ്ടരയോടെ മൃതദേഹം പുറത്തെടുത്തത്. മുങ്ങി താഴുന്നതിനിടയിൽ പരിക്കേറ്റ ചെന്ത്രാപ്പിന്നി സി.വി. സെന്റർ തടത്തിൽ അമ്പിളിയുടെ മകൻ രാഹുലിനെ മൂന്നുപീടികയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്ത്രാപ്പിന്നി സ്വദേശികളായ ജാഫർ, മുഹമ്മദലി, അഭിജിത്ത്, സായൂജ്, അപ്പൂസ് എന്നിവരാണ് ജാസിമിനൊപ്പം കുളകടവിൽ എത്തിയത്. ചെന്ത്രാപ്പിന്നി ഹയർ സെക്കന്ററി സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് ജാസിം. മാതാവ് : സാജിത. മൃതദേഹം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമാർട്ടത്തിന് ശേഷം വിദേശത്തുള്ള പിതാവ് നാട്ടിലെത്തി കബറടക്കം നടത്തും. കയ്പ്പമംഗലം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.