തൃശൂർ: ചൂടേറിയ മത്സരം നടക്കുന്ന തൃശൂർ ലോക്സഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥികൾ കൊടുംചൂടിനെ വെല്ലാൻ പുറത്തെടുത്ത 'ആയുധങ്ങൾ' എല്ലാം ഏതാണ്ട് സമാനം. എൽ.ഡി.എഫ്. സ്ഥാനാർത്ഥി രാജാജി മാത്യു തോമസിനും യു.ഡി.എഫ്. സ്ഥാനാർത്ഥി ടി.എൻ. പ്രതാപനും പ്രചാരണത്തിനിറങ്ങുന്നത് കഞ്ഞിയുടെ കരുത്തിൽ. തിളപ്പിച്ചാറ്റിയ വെള്ളത്തിലാണ് ആശ്വാസം. ചായയും കാപ്പിയും കോളയും സോഡയും ഇരുവരും ഉപയോഗിക്കാറില്ല. ഭക്ഷണവും മിതം. രണ്ടുപേരും ധരിക്കുന്നത് വെളുത്ത വസ്ത്രവും.

തുളസിവെള്ളത്തിന്റെ ശക്തി

കഞ്ഞിയും ഉപ്പേരിയും കഴിച്ച്, തിളപ്പിച്ചാറ്റിയ തുളസി വെള്ളം അഞ്ചോ ആറോ കുപ്പികളിലാക്കി രാവിലെ ആറരയ്ക്ക് രാജാജി കണ്ണാറയിലെ വീട്ടിൽ നിന്നിറങ്ങും. നേരെ സി.പി.ഐ ഓഫീസിലേയ്ക്ക്. ഏഴ് മണിക്ക് പ്രചാരണകേന്ദ്രങ്ങളിലെത്തും. ഉച്ചയാകുമ്പോഴേയ്ക്കും വെള്ളം പാതി തീരും. ഇടവേളകളിൽ ഓറഞ്ച്, റോബസ്റ്റ പഴം, പഴച്ചാറുകൾ, മോരുംവെള്ളം, ഇളനീര്, എന്നിവ കഴിക്കും. ഉച്ചയ്ക്ക് സ്വീകരണ കേന്ദ്രങ്ങളിൽ നിന്ന് മീൻകറിയോ സാമ്പാറോ കൂട്ടി ഭക്ഷണം. ചൂടുണ്ടെങ്കിലും ഉച്ചയ്ക്ക് ഇടവേളകളില്ല. വാഹനപ്രചാരണത്തിന് രാവിലെയും വൈകിട്ടുമായി നാൽപതോളം ഇടങ്ങളിൽ സ്വീകരണമുണ്ടാകും. രാത്രി ചിലപ്പോൾ ഭക്ഷണം കഴിക്കാൻ പോലും സമയം കിട്ടില്ല. പത്തുമണിയാകുമ്പോൾ മൈക്ക് ഓഫ് ചെയ്യണം. അതു കഴിഞ്ഞാലും നിശബ്ദപ്രചാരണവും കൂടിക്കാഴ്ചകളുമുണ്ടാകും. തിരികെ വീട്ടിലേയ്ക്ക് വരുമ്പോഴാകും തട്ടുകടയിൽ നിന്നോ മറ്റോ ഭക്ഷണം കഴിക്കുന്നത്. രാത്രി പന്ത്രണ്ടുമണിയോടെ വീട്ടിലെത്തും.

'ഹരിതഭക്ഷണ'ത്തിന്റെ കൈകളിൽ

ഹരിത എം.എൽ.എ ആയിരുന്ന ടി.എൻ. പ്രതാപന് എക്കാലവും പ്രിയം ഹരിതഭക്ഷണം. ചൂടിനെ ചെറുക്കാൻ ലളിതവും ഹരിതവുമായ ഭക്ഷണമാണ് നല്ലതെന്ന് അദ്ദേഹം പറയും. രാവിലെ ആറിന് സ്കൂട്ടറിൽ തളിക്കുളം കടപ്പുറത്തെത്തി സുഹുത്തുക്കളുമായി നടത്തം. വീട്ടിലെത്തിയാൽ കൃഷിപരിപാലനം. അങ്ങനെയാണ് ദിവസത്തിന്റെ തുടക്കം. എന്നാൽ തിരഞ്ഞെടുപ്പു കാലമായതോടെ രാവിലെ സമയം കിട്ടാതായി. ഏഴ് മണിയ്ക്ക് മട്ടയരി കൊണ്ടുളള കഞ്ഞിയും പയറും കഴിച്ച് കരിങ്ങാലി വെളളവും കുപ്പിയിലാക്കി ചില ദിവസങ്ങളിൽ പൊതിച്ചോറുമായി പ്രചാരണകേന്ദ്രങ്ങളിലേക്ക്. ചിലപ്പോൾ ഭക്ഷണം ഒഴിവാക്കും. ഓറഞ്ചും മറ്റു പഴങ്ങളും വെള്ളവും മാത്രമാകും കഴിക്കുക. രാവിലെ തയ്യാറാക്കുന്ന കഞ്ഞിയുടെ വെള്ളം ഉപ്പിട്ട് കഴിക്കും. രാത്രി പപ്പായ ജ്യൂസ് കഴിക്കും. ഇടയ്ക്ക് മുഖം കഴുകും. പ്രചാരണകാലത്ത് വെജിറ്റേറിയനാണ്.

ചൂട് ഇനിയും കൂടും

സൂര്യാതപ ജാഗ്രതാ മുന്നറിയിപ്പ് നാലുദിവസം കൂടി നീട്ടിയതോടെ പ്രവർത്തകരും നേതാക്കളും ജാഗ്രതയിലാണ്. ഉച്ച നേരത്തുള്ള സ്വീകരണപരിപാടികൾ കഴിയുന്നതും ചുരുക്കിയും വൈകിട്ട് വിപുലമാക്കിയുമാണ് തയ്യാറെടുപ്പുകൾ. രേഖപ്പെടുത്തുന്ന കൂടിയ ചൂട് ഇപ്പോഴും 40 ഡിഗ്രിക്കു താഴെയാണെങ്കിലും അനുഭവപ്പെടുന്ന ചൂടിന്റെ തീവ്രതയായ താപസൂചിക 50 ഡിഗ്രിക്കു മുകളിലാണെന്നാണ് റിപ്പോർട്ടുകൾ. ഇന്ന് തൃശൂർ അടക്കം അഞ്ച് ജില്ലകളിൽ താപനില 3 ഡിഗ്രി മുതൽ 4 ഡിഗ്രി വരെ വർദ്ധിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.