മാള: തന്നേക്കാൾ വികസനം നടപ്പാക്കിയ പാർട്ടിയുടെ സ്ഥാനാർത്ഥിയുണ്ടെങ്കിൽ അവർക്ക് വോട്ടു ചെയ്യാമെന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥി ഇന്നസെന്റ് പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷം 1,754 കോടിയുടെ വികസനമാണ് മണ്ഡലത്തിൽ നടപ്പാക്കിയതെന്നും ഇതൊരു ചരിത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരഞ്ഞെടുപ്പ് പര്യടനത്തിനിടയിൽ മാളയിൽ സംസാരിക്കുകയായിരുന്നു ഇന്നസെന്റ്. കാൻസർ രോഗവുമായി ബന്ധപ്പെട്ട് ആരോഗ്യമേഖലയിലാണ് കൂടുതൽ വികസനം നടപ്പാക്കിയത്. കഴിഞ്ഞ തവണ തിരഞ്ഞെടുപ്പ് പര്യടനത്തിൽ തമാശകൾ പറഞ്ഞാണ് വോട്ട് പിടിച്ചതെങ്കിൽ ഇത്തവണ വികസന പ്രവർത്തനം ചൂണ്ടിക്കാണിച്ചാണെന്നും ഇന്നസെന്റ് വ്യക്തമാക്കി. തുറന്ന വാഹനത്തിലെത്തിയ സ്ഥാനാർത്ഥിക്കൊപ്പം വി.ആർ. സുനിൽകുമാർ എം.എൽ.എയും ഉണ്ടായിരുന്നു. എം. രാജേഷ്, കെ.വി. വസന്ത്‌കുമാർ, സോന കെ.കരീം, സി.ആർ. പുരുഷോത്തമൻ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ സാംസാരിച്ചു.