biju

തൃശൂർ: നെല്ലിയാമ്പതി മലകളിലെ തണുത്ത കാറ്റിനും പാലക്കാടൻ ചുരമിറങ്ങുന്ന വരണ്ട കാറ്റിനും കുന്ദംകുളത്തിനു പടിഞ്ഞാറെ കടൽക്കാറ്റിനും പതിറ്റാണ്ടുകളായി വിപ്ളവത്തിന്റെ വീര്യമാണ്. എങ്കിലും, ഇതുവരെ കിട്ടാക്കനിയായിരുന്ന ആലത്തൂ‌‌‌ർ മണ്ഡലത്തിൽ ഇത്തവണ 'പാട്ടുംപാടി' ജയിക്കാമെന്നാണ് യു.ഡി.എഫിന്റെ മോഹം. സ്ഥാനാർത്ഥി പാട്ടുകാരി മാത്രമല്ല, നർത്തകിയുമാണ്- യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ കോ- ഓർഡിനേറ്റർ രമ്യാ ഹരിദാസ്. ത്രികോണ മത്സരച്ചൂടിലമർന്ന ആലത്തൂരിന്റെ നാട്ടുവഴികളിലൂടെ നാടൻപാട്ടും പാടിയാണ് രമ്യയുടെ വോട്ടുയാത്ര.

' എൻമകൾ കണ്ടിപ്പാ ജയിപ്പാർ, ഇന്ത വാട്ടി കൈതാൻ ജയിക്ക പോറേൻ...' മീനാക്ഷിപുരത്തെ മയിലത്ത അങ്ങനെയാണ് രമ്യയെ അനുഗ്രഹിച്ചത്. തനിക്കു കിട്ടിയ ഷാൾ മയിലത്തയെ അണിയിച്ച് രമ്യ അവരെ ചേർത്തു നിറുത്തി. അമ്മമാർ തമിഴ് ശൈലിയിൽ ആരതിയുഴിഞ്ഞ് തിലകം ചാർത്തി സ്ഥാനാർത്ഥിയെ വരവേല്ക്കുന്നു. കൂടിനിന്നവർ രമ്യയുടെ പാട്ട് കേൾക്കണമെന്ന് വിളിച്ചുപറഞ്ഞപ്പോഴേക്കും രമ്യ മൈക്കെടുത്തു: 'കണ്ണേ കലൈമാനേ...'

മണ്ഡലത്തിൽ ഉൾപ്പെട്ട ചിറ്റൂർ, തരൂർ, നെന്മാറ, ആലത്തൂർ, തൃശൂരിലെ ചേലക്കര, കുന്നംകുളം നിയമസഭാ മണ്ഡലങ്ങളും ഇടതു മുന്നണിയുടെ കോട്ടകളാണ്. 43 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തോടെ വടക്കാഞ്ചേരി മാത്രമുണ്ട് കോൺഗ്രസിന്റെ കൈകളിൽ. മണ്ഡലത്തിന്റെ ഈ രാഷ്ട്രീയ സ്വഭാവത്തിലാണ് ഇടതുപക്ഷത്തിന്റെ വിശ്വാസം. രണ്ടു തവണ വിജയിച്ച പി.കെ. ബിജു മൂന്നാമതും ആലത്തൂരിന്റെ നായകനാകുമെന്ന് അവർ ഉറപ്പിക്കുന്നു. ചെങ്കൊടികൾ വീശിയും പടക്കം പൊട്ടിച്ചും ഗ്രാമവീഥികളെല്ലാം ചുവപ്പിച്ച് ബിജുവിന്റെ പ്രചാരണം കൊഴുക്കുകയാണ്.

കർഷകരുടെയും താെഴിലാളികളുടെയും പരാതികൾക്കും ആവശ്യങ്ങൾക്കും ദുരിതംകഥകൾക്കും ക്ഷമയോടെ കാതോർത്താണ് എൻ.ഡി.എ സ്ഥാനാർത്ഥിയും ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ടി.വി. ബാബു പ്രചാരണത്തിൽ ശ്രദ്ധേയനാകുന്നത്. ബാബുവിന്റെ മുന്നിലെത്തിയ വോട്ടർമാരിൽ ഭൂരിഭാഗം പേർക്കും പറയാനുണ്ടായിരുന്നത് കാലങ്ങളായി അനുഭവിക്കുന്ന അവഗണനയുടെയും വഞ്ചനകളുടെയും കഥകൾ. പ

'കർഷക കുടുംബത്തിൽ ജനിച്ച് കർഷകനായി ജീവിക്കുന്ന എനിക്ക് ഈ വിഷമങ്ങൾ മനസിലാകും. നിങ്ങൾക്കെന്നെ സഹോദരനെപ്പോലെ കാണാം.' ടി.വി. ബാബു പരാതിക്കാരെ പുറത്തുതട്ടി ആശ്വസിപ്പിക്കുന്നു.

കെ.ആർ. നാരായണന് ശേഷം

പഴയ ഒറ്റപ്പാലം മണ്ഡലത്തിന്റെ ഭാഗങ്ങൾ ചേർന്നാണ് സംവരണ മണ്ഡലമായ ആലത്തൂരിന്റെ പിറവി. മുൻ രാഷ്ട്രപതി കെ.ആർ. നാരായണൻ ഒറ്റപ്പാലത്തിന്റെ പ്രതിനിധിയായിരുന്നു. അദ്ദേഹമാണ് സി.പി.എമ്മിൽ നിന്ന് ഒറ്റപ്പാലം മണ്ഡലം പിടിച്ചെടുത്തത്. മൂന്നു തവണ നാരായണൻ ഇവിടെ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. മലയാളം അറിയില്ലെന്നും മുണ്ടുടുക്കാൻ വശമില്ലെന്നും പറഞ്ഞ് ഇടതുമുന്നണി കെ.ആർ. നാരായണനെതിരെ പ്രചാരണം നടത്തിയെങ്കിലും ഫലിച്ചില്ല. നാരായണൻ ഉപരാഷ്ട്രപതിയായതോടെ കോൺഗ്രസിന് ഒറ്റപ്പാലം നഷ്ടപ്പെട്ടു. എസ്. ശിവരാമനും എസ്. അജയകുമാറുമാണ് പിന്നീട് ജയിച്ചുകയറിയത്. ആലത്തൂർ വന്നതോടെ പി.കെ. ബിജുവും ആധിപത്യം നിലനിറുത്തി.

അട്ടിമറി ?

മൂന്നാംതവണ തിരഞ്ഞെടുപ്പ് നടക്കുന്ന ആലത്തൂരിൽ അട്ടിമറി സാദ്ധ്യതയാണ് യു.ഡി.എഫ് മുന്നിൽക്കാണുന്നത്. കോൺഗ്രസ് നേതാവായ കെ. അച്യുതന്റെ തട്ടകമായ ചിറ്റൂരിലാണ് യു.ഡി.എഫ് പ്രതീക്ഷ. എന്നാൽ, ജനതാദൾ എസ് നേതാവും മന്ത്രിയുമായ കെ. കൃഷ്ണൻകുട്ടിയുടെ സാന്നിദ്ധ്യം അവരെ അലട്ടുന്നുണ്ട്. തൃശൂരിലെ മണ്ഡലങ്ങൾ എൽ.ഡി.എഫിന് അനുകൂലമാണെങ്കിലും കുന്ദംകുളവും വടക്കാഞ്ചേരിയും മാറിമറിയാം. ചേലക്കര മൂന്നുപതിറ്റാണ്ടോളമായി എൽ.ഡി.എഫിന്റെ സ്വന്തമാണ്. വടക്കാഞ്ചേരിയിൽ 1977 ൽ തുടങ്ങിയ കോൺഗ്രസ് തേരോട്ടം 2004 ലാണ് തകർന്നത്. 2011 മുതൽ വീണ്ടും യു.ഡി.എഫ് തിരിച്ചുപിടിച്ചു. 2016 ൽ വെറും 43 വോട്ടിനാണ് കോൺഗ്രസിന്റെ അനിൽ അക്കര എം.എൽ.എ ആയത്. 2009 ൽ പി.കെ. ബിജു 20,960 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കോൺഗ്രസിലെ എൻ.കെ. സുധീറിനെ തോൽപ്പിച്ചു. രണ്ടാം വട്ടം കോൺഗ്രസിലെ കെ.എ. ഷീബയെ തോൽപ്പിച്ചപ്പോൾ ഭൂരിപക്ഷം 37,312 ആയി ഉയർന്നു.

2014 ലെ വോട്ടുനില:

പി.കെ.ബിജു (സി.പി.എം): 4,11, 808

ഇ.കെ.ഷീബ (കോൺഗ്രസ്): 3,74, 496

ഷാജുമോൻ വട്ടേക്കാട് (ബി.ജെ.പി): 87,803

പി.കെ.ബിജുവിന്റെ ഭൂരിപക്ഷം: 37,312