തൃശൂർ: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഫ്‌ളക്‌സും അജൈവ വസ്തുക്കളും ഉപയോഗിക്കുന്നത് ഹൈക്കോടതി നിരോധിച്ച സാഹചര്യത്തിൽ ഹരിതചട്ടപാലനം ഉറപ്പുവരുത്താൻ ഹരിതകേരളം മിഷൻ ടീം കൈപ്പുസ്തകം പുറത്തിറക്കി. സംസ്ഥാനത്ത് ആദ്യമായി ഒരു പൊതു തിരഞ്ഞെടുപ്പ് ഹരിതചട്ടം പാലിച്ച് നടത്തുമ്പോഴുണ്ടാകുന്ന സംശയങ്ങൾ ദുരീകരിക്കുകയെന്നതിന്റെ ഭാഗമായാണിത്. ഹരിതചട്ട പാലനം സംശയങ്ങളും മറുപടികളും എന്ന പേരിലുള്ള പുസ്തകത്തിൽ ചിത്രങ്ങൾ ഉൾപ്പെടുത്തിയ ചോദ്യങ്ങളും ഉത്തരങ്ങളുമാണ് ഓരോ പേജിലും ഉൾപ്പെടുത്തിയിട്ടുള്ളത്.

ചോദ്യങ്ങളും ഉത്തരങ്ങളും ചുരുക്കത്തിൽ...

പ്രചാരണ ബോർഡുകൾ:

കോട്ടൺ തുണിയിൽ പ്രിന്റ് ചെയ്ത ബോർഡുകൾ, കോട്ടൺ തുണിയിൽ എഴുതി തയ്യാറാക്കിയ ബോർഡുകൾ, കോട്ടൺ തുണിയും പേപ്പറും ഉൾപ്പെടുന്ന മീഡിയം ഉപയോഗിച്ച് പ്രിന്റ് ചെയ്യുന്ന ബോർഡുകൾ. കൂടാതെ പനമ്പായ, പുൽപ്പായ, ഓല, ഈറ, മുള, പാള എന്നിവ ഉപയോഗിച്ചും ആകർഷകമായ ബോർഡുകൾ തയ്യാറാക്കാം.

കൊടി, തോരണങ്ങൾ:

തുണിയിലോ, പേപ്പറിലോ നിർമ്മിക്കാം. കോട്ടൺ തുണികൾ ഉപയോഗിക്കണം.

പൊള്ളുന്ന ചൂടിൽ കുപ്പിവെള്ളം:

പ്രചാരണത്തിന് ഇറങ്ങുന്നവർ സ്റ്റീൽ ബോട്ടിൽ കരുതണം. വാഹനത്തിൽ ഒരു വാട്ടർ ഡിസ്‌പെൻസറും സ്റ്റീൽ കപ്പും കൂടി കരുതണം.


പ്രചാരണ വാഹനങ്ങൾ:

വാഹനങ്ങൾ അലങ്കരിക്കുന്നതിന് പ്രകൃതി സൗഹൃദ വസ്തുക്കൾ മാത്രം ഉപയോഗിക്കുക. ഫ്‌ളക്‌സും പ്‌ളാസ്റ്റികും തെർമോകോളും ഉൾപ്പെടെയുള്ളവ ഒഴിവാക്കി തുണിയും പേപ്പറും ഉൾപ്പെടെയുള്ളവ ഉപയോഗിക്കണം.


സ്ഥാനാർത്ഥിയുടെ സ്വീകരണം:

സ്ഥാനാർത്ഥിയെ സ്വീകരിക്കാൻ ഇടുന്ന ഹാരങ്ങൾ, പൂക്കൾ, കോട്ടൺ നൂൽ, തോർത്ത് എന്നിവ ഉപയോഗിച്ചുള്ളവയാകണം.

പ്രചാരണത്തിനിടയിലെ ഭക്ഷണം:
പ്‌ളാസ്റ്റിക്കിൽ പൊതിഞ്ഞ പാഴ്‌സലുകൾ, പേപ്പർ, പ്‌ളാസ്റ്റിക്, തെർമോക്കോൾ എന്നിവയിൽ നിർമ്മിതമായ ഡിസ്‌പോസിബിൾ കപ്പുകൾ, പ്‌ളേറ്റുകൾ എന്നിവ ഒഴിവാക്കി സ്റ്റീൽ പ്‌ളേറ്റ്, സ്റ്റീൽ, ചില്ല് ഗ്‌ളാസുകൾ എന്നിവ വാടകയ്‌ക്കെടുത്ത് ഉപയോഗിക്കാം.

ഹരിതസന്ദേശങ്ങളുടെ പ്രചാരണം:

തിരഞ്ഞെടുപ്പ് നോട്ടീസുകളിൽ മുകളിലോ താഴെയോ ഹരിത സന്ദേശം ചേർക്കുക. പ്രകൃതി സൗഹൃദ വസ്തുക്കൾ മാത്രം ഉപയോഗിച്ചുള്ള സ്വന്തം പ്രചാരണ രീതിയെക്കുറിച്ചോ, ജയിച്ചുവന്നാൽ പ്രകൃതി സൗഹൃദ പ്രവർത്തനങ്ങൾക്ക് നൽകുന്ന മുൻഗണനയെക്കുറിച്ചോ സ്ഥാനാർത്ഥിക്ക് നോട്ടീസിൽ ചേർക്കാം.

ചുവരെഴുത്തുകൾ:

ചുവരിൽ ഫ്‌ളക്‌സുകൾ ഒട്ടിക്കുന്നതും ചുവരെഴുത്തിനോടൊപ്പം ഫോട്ടോകളുടെ ഫ്‌ളക്‌സുകൾ ഒട്ടിക്കുന്നതും ഒഴിവാക്കണം. ചുവരെഴുത്തെന്നാൽ ചുവരിൽ ബ്രഷ് ഉപയോഗിച്ചുള്ള എഴുത്താകണം.

തുണി കൊണ്ടുള്ള ആർച്ചുകൾ:

ആർച്ചുകളിൽ അക്ഷരങ്ങളായി വയ്ക്കുന്നത് തെർമോക്കോൾ ആണ്. റീസൈക്‌ളിംഗ് പോലും നടത്താൻ കഴിയാത്ത ഇവ ഇക്കുറി ഒഴിവാക്കണം. ആർച്ചുണ്ടാക്കുകയാണെങ്കിൽ അവയിൽ കോട്ടൻ തുണിയിലെഴുതിയ ബാനർ വയ്ക്കണം.

തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ:

ഓരോ പ്രദേശത്തും സ്ഥാപിച്ച ബോർഡുകളും കൊടികളും തോരണങ്ങളും സ്ഥാപിച്ചവർ തന്നെ തിരഞ്ഞെടുപ്പിന് ശേഷം ശേഖരിച്ച് തദ്ദേശസ്ഥാപനങ്ങൾക്ക് കൈമാറണം.

പിന്തുണ ആരുടെ:

ഹരിതപെരുമാറ്റ ചട്ടം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാതലം മുതൽ തദ്ദേശസ്ഥാപനം വരെ ഫെസിലിറ്റേഷൻ യൂണിറ്റുകൾ പ്രവർത്തിപ്പിക്കുന്നതിന് സംസ്ഥാന ചീഫ് ഇലക്ട്രറൽ ഓഫീസർ ഹരിതകേരള മിഷനെയും ശുചിത്വമിഷനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. മിഷനുകളുടെ ഓഫീസുകളുമായി ബന്ധപ്പെട്ടാൽ ഹരിതചട്ടം നടപ്പിലാക്കുന്നത് സംബന്ധിച്ച സംശയങ്ങൾക്ക് മറുപടി ലഭിക്കും.

ഫോൺ: ശുചിത്വ മിഷൻ 8075650342, ഹരിതകേരളം മിഷൻ 9188129328