snap-leman
മണത്തല ബ്ലോക്ക് ഓഫീസിന് സമീപമുള്ള പൊട്ടുവെള്ളരി വിൽപ്പന

ചാവക്കാട്: വേനൽ ചൂട് കടുത്തതോടെ പൊട്ടുവെള്ളരി വിപണി സജീവമായി. ചാവക്കാടും പൊട്ടുവെള്ളരിക്ക് പ്രിയമേറുന്നു. പറവൂർ, കൊടുങ്ങല്ലൂരിന്റെ സ്വന്തം പൊട്ടുവെള്ളരിക്ക് (സ്നാപ്പ് മെലൻ) ചാവക്കാട്ട് ആവശ്യക്കാരേറെയാണ്. ദേശീയ പാതയോരത്ത് മണത്തല ബ്ലോക്ക് ഓഫീസിന് സമീപമാണ് പൊട്ടുവെള്ളരി വിൽപ്പന തകൃതിയായി നടക്കുന്നത്. കൊടുങ്ങല്ലൂർ കഴിഞ്ഞാൽ ദേശീയപാതയിൽ വാടനാപ്പള്ളിയിലും മണത്തലയിലുമാണ് ഈ കച്ചവടമുള്ളത്.

അകലെ നിന്നുതന്നെ സവിശേഷമായി തോന്നുന്ന പൊട്ടുവെള്ളരി കാണുന്നവർ വാഹനങ്ങൾ ഒതുക്കി നിറുത്തി ആദ്യം പൊട്ടുവെള്ളരിയുടെ പ്രത്യേകതയാണ് ചോദിക്കുന്നത്. ചാവക്കാട് മേഖലയിൽ പലയിടങ്ങളിലും പൊട്ടുവെള്ളരി കൃഷി ചെറുതായി നടക്കുന്നുണ്ടെങ്കിലും പലർക്കും ഇത് അറിയില്ല. ആദ്യം ജുസ് കുടിച്ച് സ്വാദ് ആസ്വദിച്ച് നോക്കിയാണ് ചിലർ പൊട്ടുവെള്ളരി തൂക്കി വാങ്ങുന്നത്. കിലോക്ക് അറുപതും ജൂസിന് മുപ്പതുമാണ്. ചൂട് വർദ്ധിച്ചതോടെ ജൂസിനും വെള്ളരിക്കും ആവശ്യക്കാർ കൂടിവരികയാണ്. ദേശീയ പാത‍യിലൂടെ യാത്ര ചെയ്യുന്ന ദീർഘ ദൂര യാത്രക്കാരും ജൂസ് കുടിക്കാനിറങ്ങിത്തുടങ്ങിയിട്ടുണ്ട്. മണത്തലയിൽ വിവിധ സ്ക്വാഡുകളുടെ വാഹന പരിശോധന നടത്തുന്നവരും പൊട്ടുവെള്ളരി ജൂസിന്റെ സ്വാദ് ആസ്വദിക്കാൻ ഇവിടെ എത്താറുണ്ട്.

പകലിന്റെ ചൂടിന് കാഠിന്യം കുറക്കാൻ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന തണ്ണിമത്തന്റെ ആധിപത്യത്തിനു വെല്ലുവിളിയാണ് കൊടുങ്ങല്ലൂരിന്റെയും പറവൂരിന്റെയും സ്വന്തമായ ഈ ജനപ്രിയ വെള്ളരി. കൊടുങ്ങല്ലൂരിലെ പരമ്പരാഗത കാർഷികോൽപ്പന്നമായ പൊട്ടുവെള്ളരി എറണാകുളം ജില്ലയുടെ ചില ഭാഗത്തും വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്.