തൃശൂർ: ബി.ജെ.പി സർക്കാർ പ്രഖ്യാപിച്ച് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന കിസാൻ സമ്മാൻ നിധി പദ്ധതിയിലേക്ക് സമർപ്പിക്കപ്പെട്ട അപേക്ഷകളിൽ നടപടികൾ സ്വീകരിക്കാത്തതിൽ ദുരൂഹതയുണ്ടെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എ. നാഗേഷ്. അഞ്ച് ഏക്കർ വരെ കൃഷിഭൂമിയുള്ള ചെറുകിട നാമമാത്ര കർഷകർക്കായുള്ള പദ്ധതിയാണ് കിസാൻ സമ്മാൻ നിധി.

എന്നാൽ ഇതിനകം തന്നെ അപേക്ഷ സമർപ്പിക്കപ്പെട്ടവരിൽ വെറും 20 ശതമാനം അപേക്ഷകളിൽ മാത്രമേ കൃഷിഭവനുകൾ നടപടി സ്വീകരിച്ചിട്ടുള്ളൂ എന്നാണ് മനസിലാകുന്നത്. സി.പി.എം, സി.പി.ഐ പാർട്ടികളുടെ രാഷ്ട്രീയ സമ്മർദ്ദവും, കൃഷിമന്ത്രിയുടെ ഇടപെടലുമാണ് കർഷകരുടെ അപേക്ഷകളിൽ തീരുമാനമെടുക്കാൻ കൃഷിഭവൻ ഉദ്യോഗസ്ഥർ വൈകിപ്പിക്കുന്നത് എന്ന് അറിയാൻ കഴിഞ്ഞു. ഇത് കർഷക ദ്രോഹമാണ്. കിസാൻ സമ്മാൻ നിധി പദ്ധതിയിലേക്ക് സമർപ്പിക്കപ്പെട്ടിട്ടുള്ള മുഴുവൻ അപേക്ഷകളിലും ഉടൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും ബി.ജെ.പി ജില്ലാ പ്രസിഡന്റ് എ.നാഗേഷ് അറിയിച്ചു.