വടക്കാഞ്ചേരി: ദീർഘകാലം മഹിളാ കോൺഗ്രസ് നേതാവായും തൃശൂർ ജില്ലാ പഞ്ചായത്തംഗമായും പ്രവർത്തിച്ച ഷീലാ പത്മനാഭൻ കോൺഗ്രസിനെതിരെ പ്രത്യക്ഷ പോർമുഖത്തേക്ക്. ദീർഘകാലമായി വിഷബാധയെ തുടർന്ന് ചികിത്സയിലായ തന്നെ അപകീർത്തിപ്പെടുത്തി, പാർട്ടി യോഗത്തിൽ സംസാരിച്ച പ്രദേശത്തെ ജില്ലാ നേതാവിനെതിരെ നടപടിയാവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്റു മുതൽ മുഴുവൻ കോൺഗ്രസ് നേതാക്കളെയും നേരിൽക്കണ്ട് പരാതി എഴുതി നൽകിയിരുന്നുവെന്ന് ഷീല പറഞ്ഞു . യാതൊരു നടപടിയുമുണ്ടാകാത്ത സാഹചര്യത്തിലാണ് ഏറെ ബന്ധുബലമുള്ള തൃശൂരിലെ തേക്കിൻകാട് മൈതാനിയിലും കോൺഗ്രസ് നേതാവ് മത്സരിക്കുന്ന ചാലക്കുടിയിലും നിരാഹാരം ഉൾപ്പെടെയുള്ള സമര പരിപാടി ആരംഭിക്കുന്നതെന്ന് ഷീല പത്മനാഭൻ വടക്കാഞ്ചേരി പ്രസ്സ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
നീതി തേടി ഇറങ്ങിയ തന്നെ ആറ് മാസത്തേക്ക് പാർട്ടിയിൽ നിന്നും പുറത്താക്കിയതായി മാദ്ധ്യമങ്ങൾ വഴി അറിയിക്കുകയാണ് ചെയ്തതെന്നും ഷീല വ്യക്തമാക്കി. സ്ത്രീത്വത്തെ പരസ്യമായി അധിക്ഷേപിച്ച നേതാവിനെ സംരക്ഷിക്കുന്ന ജില്ലാ പ്രസിഡന്റ് തൃശൂർ ലോക്‌സഭാ സ്ഥാനാർത്ഥിയാണ്. തൃശൂരിന്റെ ചുമതലയുണ്ടായിരുന്ന മറ്റൊരാൾ ചാലക്കുടിയിലും. ഇവർക്കെങ്ങിനെയാണ് സ്ത്രീ സുരക്ഷ ഉറപ്പുവരുത്താനാകുകയെന്നും ഷീല ചോദിച്ചു. വടക്കാഞ്ചേരി പ്രസ് ക്ലബിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഭർത്താവ് പത്മനാഭനും പങ്കെടുത്തു.