തൃശൂർ: കടലിന്റെ മക്കളുടെ പരിദേവനങ്ങളും കുടുംബശ്രീ പ്രവർത്തകരുടെ നൊമ്പരങ്ങളും കേട്ടറിഞ്ഞ് ചാലക്കുടിയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ബെന്നി ബെഹനാൻ കൊടുങ്ങല്ലൂർ, കയ്പ്പമംഗലം മേഖലകളിൽ ഇന്നലെ സന്ദർശനം നടത്തി. പുലർച്ചെ അഴീക്കോട് ഹാർബറിലെത്തിയ സ്ഥാനാർത്ഥിയെ മത്സ്യത്തൊഴിലാളികൾ സ്വീകരിച്ചു. ജങ്കാർ പ്രശ്‌നവും മത്സ്യബന്ധന മേഖല നേരിടുന്ന പ്രശ്‌നങ്ങളും ബെന്നി ബെഹനാൻ വിശദമായി ചോദിച്ചറിഞ്ഞു. കേന്ദ്രത്തിൽ അധികാരത്തിൽ വന്നാൽ ഫിഷറീസ് മന്ത്രാലയം രൂപീകരിക്കുമെന്ന് രാഹുൽഗാന്ധി ഉറപ്പ് നൽകിയിട്ടുള്ള കാര്യം ബെന്നി ബഹനാൻ ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യ സമര സേനാനി മുഹമ്മദ് അബ്ദുൾ റഹ്മാൻ സാഹിബിന്റെ കൊടുങ്ങല്ലൂരിലെ തറവാട്ടിൽ എത്തി അനുഗ്രഹം തേടിയ ശേഷമാണ് ഇന്നലത്തെ പര്യടനത്തിന് തുടക്കമിട്ടത്. പുത്തൻപള്ളി മഹൽ, നൂറ് വർഷം പഴക്കമുള്ള കോട്ടയ്ക്കൽ ദുർഗ്ഗാദേവി ക്ഷേത്രം, സെന്റ് . തോമസ് പള്ളി എന്നിവിടങ്ങളിലെത്തി അനുഗ്രഹം തേടി. മാർത്തോമാ പള്ളിയിയിൽ വികാരി ആന്റണി വേലത്തിപറമ്പിൽ സ്വീകരിച്ചു. എറിയാട് ബീച്ചിൽ പരാതികളുമായി സ്ത്രീകൾ പൊതിഞ്ഞു. ജാമിയ ആസിയ അറബി കോളജിലും സ്ഥാനാർത്ഥി സന്ദർശനം നടത്തി. കൊടുങ്ങല്ലൂർ, കയ്പ്പമംഗലം മണ്ഡലങ്ങളിലെ വിവിധ കോളേജുകളിലെത്തിയ ബെന്നി ബെഹനാന് കെ.എസ് .യു പ്രവർത്തകർ സ്വീകരണം നൽകി...