ancy-baba

കൊടുങ്ങല്ലൂർ: ന്യൂസിലാൻഡിലെ ക്രൈസ്റ്റ് ചർച്ച് അൽനൂർ ജുമാ മസ്ജിദിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കൊടുങ്ങല്ലൂർ സ്വദേശിനി, ആൻസി ബാവയ്ക്ക് ജന്മനാടിന്റെ അന്ത്യാഞ്ജലി. വിവിധ തുറകളിലെ നൂറ് കണക്കിന് പ്രമുഖരടക്കമുള്ള വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ ആൻസിയുടെ കബറടക്കം ചേരമാൻ ജുമാ മസ്ജിദ് കബർസ്ഥാനിൽ നടന്നു. ഇന്നലെ പുലർച്ചെ 3.18 ഓടെയാണ് ആൻസിയുടെ മൃതദേഹവും വഹിച്ചുള്ള വിമാനം നെടുമ്പാശ്ശേരിയിലെത്തിയത്.

നോർക്കയുടെ നേതൃത്വത്തിലായിരുന്നു ഇത്. എറണാകുളം പ്രോട്ടോക്കോൾ ഓഫീസർ ജെയ് പോൾ, ആൻസിയുടെ ബന്ധു പി.എച്ച്. നിയാസ് തുടങ്ങിയവർ ഏറ്റുവാങ്ങി. എം.എൽ.എമാരായ ഹൈബി ഈഡൻ, റോജി ജോൺ, അൻവർ സാദത്ത്, മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞ് തുടങ്ങിയവരുൾപ്പെടെ നിരവധി പ്രമുഖർ ആദരാഞ്ജലി അർപ്പിക്കാനെത്തി. തുടർന്ന് ആൻസിയുടെ ഭർത്താവ് അബ്ദുൾ നാസറിന്റെ തിരുവള്ളൂരിലെ വീട്ടിലും ടി.കെ. എസ് പുരത്തെ സ്വന്തം വീട്ടിലും ഭൗതിക ശരീരം എത്തിച്ച് അന്ത്യാഞ്ജലി അർപ്പിക്കാനവസരമേകി. ഒമ്പത് മണിയോടെ മേത്തല കമ്മ്യൂണിറ്റി ഹാളിൽ പൊതുദർശനത്തിന് വച്ചു.
വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്, മുൻ മന്ത്രി കെ.പി. രാജേന്ദ്രൻ, ഇന്നസെന്റ് എം.പി, യു.ഡി.എഫ് കൺവീനറും സ്ഥാനാർത്ഥിയുമായ ബെന്നി ബെഹനാൻ, എം.എൽ.എമാരായ വി.ആർ സുനിൽ കുമാർ, ഇ.ടി ടൈസൻമാസ്റ്റർ, നഗരസഭാ ചെയർമാൻ കെ.ആർ. ജൈത്രൻ, മുൻ എം.എൽ.എ ഉമേഷ് ചള്ളിയിൽ, ആൻസി പഠിച്ച വിദ്യാലയങ്ങളിലെ അദ്ധ്യാപകരും, സഹപാഠികളുമടക്കം സമൂഹത്തിന്റെ നാനാതുറകളിലുമുള്ള ആയിരങ്ങൾ ഇവിടെയെത്തി അന്ത്യോപചാരമർപ്പിച്ചു. തുടർന്ന് ചേരമാൻ ജുമാ മസ്ജിദിൽ കബറടക്കം നടന്നു.