മാള: പൊലീസും റവന്യൂ വകുപ്പും തിരഞ്ഞെടുപ്പിന്റെ നെട്ടോട്ടത്തിലായതിന്റെ ആനുകൂല്യം മറയാക്കി മാള മേഖലയിൽ മണ്ണെടുപ്പും നെൽവയൽ നികത്തലും വ്യാപകം. തിരഞ്ഞെടുപ്പായതിനാൽ അധികൃതർക്കൊപ്പം രാഷ്ട്രീയ നേതൃത്വവും തിരക്കിലാണ്. അന്നമനട പഞ്ചായത്തിലെ മേലഡൂർ ഭാഗത്ത് നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും ഒത്താശയോടെയാണ് നെൽവയൽ നികത്തുന്നതെന്നാണ് ആരോപണം.
പാടശേഖരത്തിന്റെ പ്രധാന ഭാഗങ്ങൾ ഏറെക്കുറെ നികത്തിക്കഴിഞ്ഞു. തിരഞ്ഞെടുപ്പ് ഓരോന്നും കഴിയുമ്പോൾ പാടശേഖരങ്ങൾ കുറഞ്ഞു വരുന്ന അവസ്ഥയാണ്. ഇത്തവണ വോട്ടെടുപ്പ് നടക്കാൻ കൂടുതൽ ദിവസം ശേഷിക്കുന്നതിനാൽ അതനുസരിച്ച് നികത്തുന്ന വയലിന്റെയും ഇടിച്ചു നിരത്തുന്ന കുന്നിന്റെയും വിസ്തൃതി വർദ്ധിക്കുമെന്നാണ് കണക്കാക്കുന്നത്.
തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഇക്കൂട്ടർ രാഷ്ട്രീയം മറന്ന് സഹായം നൽകുന്നതാണ് മണ്ണെടുപ്പിനും നികത്തലിനും സഹായകരമായ നിലപാട് സ്വീകരിക്കാൻ ഇടയാക്കുന്നതെന്നും ആരോപണം ഉയരുന്നുണ്ട്...