turtle-eggs
കടലാമ കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങുന്നു

ചാവക്കാട്: കനത്ത ചൂടിൽ പുന്നയൂർ പഞ്ചായത്തിലെ കടപ്പുറത്തെ ഗ്രീൻ ഹാബിറ്റാറ്റിന്റെ കടലാമ ഹാച്ചറിയിലെ കടലാമ കുഞ്ഞുങ്ങൾ പതിവിലും നേരത്തേ വിരിഞ്ഞിറങ്ങി. രണ്ടു കൂടുകളിലായി ഹാച്ചറിയിൽ സൂക്ഷിച്ച 205 കടലാമ മുട്ടകളിൽ അഞ്ചെണ്ണമാണ് മൂന്നു ദിവസം മുമ്പേ വിരിഞ്ഞിറങ്ങിയത്.

കേരള കടൽ തീരത്ത് വർഷങ്ങളായി കടലാമ മുട്ടകൾ വിരിയാൻ 45 മുതൽ 55 ദിവസമാണ് എടുക്കാറുള്ളത്. എന്നാൽ ഇത്തവണ മൂന്നു ദിവസം മുമ്പേ ആരോഗ്യമുള്ള കുഞ്ഞുങ്ങൾ മണൽ കൂട്ടിൽ നിന്നും പുറത്തുവന്നതിന് കാരണം ചൂടു കൂടിയതാണെന്ന് ജൈവ വൈവിധ്യ സംരക്ഷണ പ്രവർത്തകനും ഗ്രീൻ ഹാബിറ്റാറ്റ് എക്സിക്യൂട്ടീവ് ഡയറക്ടറുമായ എൻ.ജെ. ജെയിംസ് പറഞ്ഞു. ഇത്തവണ മഴക്കാറുമൂലവും വേനൽമഴ മൂലവും വേനൽ ചൂടിന് കുറവു വരാത്ത കാരണമാണ് കടലാമ മുട്ടകൾ നേരത്തേ വിരിയാൻ കാരണമായതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ജീവശാസ്ത്ര വർഗ്ഗീകരണത്തിൽ ഇഴജീവി വർഗ്ഗത്തിൽപ്പെടുന്ന കടലാമയുടെ ബന്ധുക്കളായ കരയാമ, പാമ്പ്, ഓന്ത്, അരണ എന്നിവയും മണലിലെ കുഴികളിലാണ് മുട്ടയിടുന്നത്. കരയിലെ സ്ഥിരതയാർന്ന അന്തരീക്ഷച്ചൂട് ഇവയുടെ കുഞ്ഞുങ്ങളുടെ വർദ്ധനവിന് കാരണമാകാൻ ഇടയുണ്ടെന്നും ഗ്രീൻ ഹാബിറ്റാറ്റ് പ്രവർത്തകർ അഭിപ്രായപ്പെട്ടു. പഞ്ചവടി കടപ്പുറത്തെ ഹാച്ചറിയിലെ കടലാമ മുട്ടകൾ കടലാമ സംരക്ഷണ ഡയറക്ടർ സലീം ഐഫോക്കസ്, ഇജാസ്.ടി.എച്ച്, ഡോ. സുജിത് സുന്ദരം എന്നിവരുടെ നേതൃത്തിലുള്ള സംഘത്തിന്റെ നിരീക്ഷണത്തിലാണ് സൂക്ഷിച്ചിട്ടുള്ളത്.