പാട്ടുകാരിയും നർത്തകിയുമാണ് ആലത്തൂർ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യാ ഹരിദാസ്. രമ്യ പാട്ടു പാടി വോട്ട് അഭ്യർത്ഥിച്ചതിനെ പരിഹസിച്ച് തൃശൂർ കേരളവർമ്മ കോളേജ് അദ്ധ്യാപികയും കവിതാ മോഷണ വിവാദ നായികയുമായ ദീപാ നിശാന്ത് ഫേസ് ബുക്കിൽ ഒരു പോസ്റ്റിട്ടു.
രമ്യ തിരഞ്ഞെടുക്കപ്പെട്ടാൽ ലോക‌്സഭയിലെത്തുന്ന ആദ്യ ദളിത് വനിതാ എം.പിയാകുമെന്ന് യൂത്ത് കോൺഗ്രസിന്റെ ഫേസ്ബുക്ക് പേജിൽ അവകാശപ്പെടുന്നതിനെയും ദീപ പരിഹസിക്കുന്നു. 1971-ൽ അടൂരിൽ നിന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ എം.പിയായ ഭാർഗവി തങ്കപ്പന്റെ കാര്യം ഓർമ്മിപ്പിച്ചാണ് പരിഹാസം. ദീപ നിശാന്തിന്റെ പരിഹാസ പോസ്റ്റ് പുറത്തുവന്നതോടെ എം.എൽ.എമാർ കൂട്ടത്തോടെ വിമർശനവുമായി ഇറങ്ങി. ഒരു പോസ്റ്റ് പോയ പോക്ക് ഇങ്ങനെ:
ദീപാ നിശാന്തിന്റെ പോസ്റ്റ്:
അനിൽ അക്കര എം.എൽ.എ ഷെയർ ചെയ്തിരിക്കുന്ന രമ്യ ഹരിദാസിന്റെ ചിത്രം നന്നായിട്ടുണ്ട്. ജീവിതത്തിൽ സ്ഥാനാർത്ഥി കടന്നു പോന്ന വേനൽവിതാനങ്ങളും കനൽവഴികളും പറഞ്ഞ് വോട്ടഭ്യർത്ഥിക്കുന്നതിൽ തെറ്റൊന്നുമില്ല. മാളികപ്പുറത്തമ്മയാകലാണ് ജീവിതലക്ഷ്യമെന്ന പ്രഖ്യാപനവും നന്നായിട്ടുണ്ട്. ഒന്നോർക്കണം പൗരസംരക്ഷണത്തിനും നിയമനിർമ്മാണത്തിനും സദാ ജാഗരൂകരാകേണ്ട വ്യക്തികളെ തിരഞ്ഞെടുക്കുന്ന ജനാധിപത്യ പ്രക്രിയയാണിത്. സ്ഥാനാർത്ഥി എത്ര മനോഹരമായി പാടുന്നു, ഡാൻസ് കളിക്കുന്നു, ഏതു മതവിശ്വാസിയാണ് എന്നതൊന്നുമല്ല വിഷയമാകേണ്ടത്. സ്റ്റാർ സിംഗർ തിരഞ്ഞെടുപ്പോ അമ്പലക്കമ്മിറ്റി തിരഞ്ഞെടുപ്പോ അല്ല നടക്കുന്നത്.
കാഴ്‌ചപ്പാടിന്റെ പ്രോബ്ളം
ഞാനറിയുന്ന പേരാമംഗലത്തെ എന്റെ പാർട്ടി കുടുംബത്തിലെ ദീപ ഇങ്ങനെ ആയിരുന്നില്ല .അവർക്ക് ഇങ്ങനെയാകാനും കഴിയില്ല. ഇതൊക്കെ നമ്മുടെ ഒരു കാഴ്ചപ്പാടിന്റെ പ്രശ്‌നമാണ് ടീച്ചറേ!
അനിൽ അക്കര
പക്ഷപാതം പാടുണ്ടോ?
പ്രമുഖ നടനും 'അമ്മ' പ്രസിഡന്റുമായ വ്യക്തി സ്ഥാനാർത്ഥിയായാൽ ബലേ ഭേഷ്, പക്ഷെ ത്രിതലപഞ്ചായത്തിൽ പൊതുപ്രവർത്തകയായ ഒരു വനിത ലോക്‌സഭാ സ്ഥാനാർത്ഥിയാകുമ്പോൾ അവരെ സ്റ്റാർ സിംഗറോട് ടീച്ചർ തന്നെ ഉപമിക്കുന്നു.
കെ.എസ്. ശബരീനാഥൻ
ചരിത്രം പറയേണ്ട
ചരിത്രത്തിൽ ആദ്യത്തേതോ രണ്ടാമത്തേതോ എന്ന കുതർക്കങ്ങൾക്കല്ല പ്രാധാന്യം. പാർലമെന്റിൽ കേരളത്തിൽ നിന്ന് ഒരു ദളിത് യുവതി ഉണ്ടായിരിക്കുക തന്നെ ചെയ്യും
വി.ടി ബൽറാം