കല്ലൂർ: മംഗലം തണ്ടിൽ റബർ തോട്ടത്തിൽ വ്യാജവാറ്റ് നടക്കുന്നതിനിടെ അടിക്കാടിന് തീപിടിച്ചു. തോട്ടത്തിൽ പ്രവർത്തിച്ചുവന്നിരുന്ന വ്യാജവാറ്റു കേന്ദ്രത്തിലെ ഗ്യാസ് സിലിണ്ടറിൽ നിന്നാണ് തീ പടർന്നത്. തീ പടർന്നതോടെ വാറ്റുകാർ വാറ്റുപകരണങ്ങൾ ഉപേഷിച്ച് ഓടി രക്ഷപെട്ടു. തീ കണ്ട് ഓടിയെത്തിയ നാട്ടുകാരായ ഷാജു, വിജയൻ, ദീപു, അവറാൻ എന്നിവർ ചേർന്ന് തീ നിയന്ത്രണ വിധേയമാക്കി. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് എക്‌സൈസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. റബർ തോട്ടത്തിൽ നിന്ന് 50 കിലോ ശർക്കര, വാഷ്, വാറ്റുപകരണങ്ങൾ എന്നിവ കണ്ടെടുത്തു. അടിക്കാട് വളർന്നതോടെ ഇവിടെ വാറ്റുകാരുടെ താവളമാണ്. വരന്തരപ്പിള്ളി പൊലീസും സ്ഥലത്തെത്തിയിരുന്നു.