തൃശൂർ: ഇടതുപക്ഷ ജനാധിപത്യ മുന്നണി തൃശൂർ ലോക്‌സഭാ മണ്ഡലം സ്ഥാനാർത്ഥി രാജാജി മാത്യു തോമസിന്റെ ഒല്ലൂർ മണ്ഡലത്തിലെ മൂന്നാംഘട്ട പര്യടനം പൂർത്തിയായി. ചുവന്ന മണ്ണിൽ ലോക്‌സഭാ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് കെ.കെ രാമചന്ദ്രൻ പര്യടനപരിപാടി ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളിൽ കുട്ടികളും സ്ത്രീകളുമടങ്ങുന്ന ജനാവലിയാണ് രാജാജിയെ സ്വീകരിക്കാനെത്തിയത്. കണിക്കൊന്നയടക്കമുള്ള വർണപുഷ്പങ്ങളും വർണബലൂണുകളും പ്ലക്കാർഡുകളും സ്വീകരണത്തിന് മാറ്റുകൂട്ടി. വലക്കാവിലെ പ്രവർത്തകർ മൂവാണ്ടൻ മാങ്ങ നൽകിയാണ് സ്ഥാനാർത്ഥിയെ സ്വീകരിച്ചത്.
ജന്മദേശമായ കണ്ണാറയിൽ എ.യു.പി സ്‌കൂളിന് മുന്നിൽ തളികയിൽ പൂക്കളുമായാണ് തങ്ങളുടെ അയൽക്കാരനെ സ്വീകരിക്കാൻ നാട്ടുകാരെത്തിയത്. തോട്ടപ്പടി ജാറം കോളനിയിലും സ്വീകരണം നൽകി. പര്യടനത്തിനിടെ ചിറക്കാക്കോട് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് രാജാജി ഉദ്ഘാടനം ചെയ്തു. താണിപ്പാടം, തെക്കുംപാടം, മൈലാടുംപാറ, പീച്ചി, വിലങ്ങന്നൂർ, കണ്ണാറ, പട്ടിക്കാട്, മുടിക്കോട്, ചിറക്കാക്കോട്, പാണ്ടിപറമ്പ്, കട്ടിലപ്പൂവ്വം, താണിക്കുടം, പുല്ലാനിക്കാട്, പടിഞ്ഞാറെ വെള്ളാനിക്കര, ജാറം കോളനി, പട്ടാളക്കുന്ന് 4 സെന്റ് പൂച്ചട്ടി, മൂർക്കനിക്കര സിറ്റി തുടങ്ങിയ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം ഉച്ചയ്ക്ക് വലക്കാവിൽ സമാപിച്ചു. ഉച്ചയ്ക്കുശേഷം തോണിപ്പാറയിൽ നിന്നുള്ള സ്വീകരണത്തോടെ പര്യടനം പുനരരാംഭിച്ചു. വെട്ടുകാട്, മാന്ദാമംഗലം, മരോട്ടിച്ചാൽ, ചെമ്പംകണ്ടം, പൊന്നൂക്കര, പുത്തൂർ സെന്റർ, ഇളംതുരുത്തി, മരത്താക്കര, കനകശ്ശേരി, മണലാറ്റി, എടക്കുന്നി, തൈക്കാട്ടുശ്ശേരി , ഒല്ലൂർ സെന്റർ, പനമുക്ക്, നെടുപുഴ, കൂർക്കഞ്ചേരി സെന്റർ, കുരിയച്ചിറ കനാൽ, കുട്ടനെല്ലൂർ, വളർക്കാവ് എന്നിവിടങ്ങളിൽ നൂറുകണക്കിന് പേർ സ്വീകരിക്കാനെത്തി. അഞ്ചേരിച്ചിറയിലായിരുന്നു പര്യടനത്തിന്റെ സമാപനം.
തൃശൂരിലെ ജനത യു.ഡി.എഫിനൊപ്പം നിൽക്കും: പ്രതാപൻ
തൃശൂർ: ഇത്തവണത്തെ വോട്ടെടുപ്പ് മാറ്റത്തിന്റെ വോട്ടെടുപ്പാണെന്നും വികസനം കൊതിക്കുന്ന തൃശൂരിലെ ജനത യു.ഡി.എഫിനൊപ്പം നിൽക്കുമെന്നും സ്ഥാനാർത്ഥി ടി.എൻ പ്രതാപൻ പറഞ്ഞു. നെല്ലായി സെന്ററിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. കാർഷിക മേഖലയടക്കം എല്ലാം തകർന്നിരിക്കുകയാണ്. നിരവധി പേർക്കാണ് ഇനിയും പട്ടയം പോലും ലഭിക്കാനുള്ളത്. ജയിച്ചു കഴിഞ്ഞാൽ കൊച്ചി മെട്രോ തൃശൂരിലേക്ക് നീട്ടുന്നതിനായി പരിശ്രമിക്കും. കുടിവെള്ള പരിഹാരത്തിനും കോൾ മേഖലയിലെ പ്രശ്‌നപരിഹാരത്തിനും വേണ്ട നടപടികൾ സ്വീകരിക്കും. കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന പല പദ്ധതികൾക്കുള്ള ഫണ്ടുകളും വാങ്ങിയെടുക്കുന്നതിൽ വീഴ്ച്ച വന്നിട്ടുണ്ട്. മാറ്റം കൊതിക്കുന്ന തൃശൂരിന്റെ മുഖച്ഛായ തന്നെ മാറേണ്ടതുണ്ട്. യുവാക്കളെ ആകർഷിക്കുന്ന പല പദ്ധതികളും പ്രാബല്യത്തിൽ വരുത്തേണ്ടതുണ്ട്. നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കേണ്ടതുമുണ്ട്. ജയിച്ചുകഴിഞ്ഞാൽ തൃശൂരിന് വേണ്ട എല്ലാ സഹായങ്ങളും കേന്ദ്രസർക്കാറിൽ നിന്നും വാങ്ങിക്കൊടുക്കാൻ മുൻപന്തിയിൽ നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു...