തൃശൂർ: ലളിതമായ എഴുത്തിലൂടെ, ഹൃദയത്തിൽ തട്ടും വിധം ആശയങ്ങൾ പകർന്നു നൽകാൻ കഴിഞ്ഞുവെന്നതായിരുന്നു അഷിതയെ വായനക്കാരുടെ പ്രിയപ്പെട്ട എഴുത്തുകാരിയാക്കിയത്. ദുരൂഹതയോ നിഗൂഢതയോ അഷിതയുടെ അക്ഷരങ്ങളിലുണ്ടായിരുന്നില്ല. എന്തായിരുന്നോ അഷിത അതായിരുന്നു അവർ എഴുതിയതും. മാധവിക്കുട്ടി പുന്നയൂർക്കുളത്തെയും നീർമാതളത്തെയും പ്രശസ്തിയിലെത്തിച്ചതുപോലെയാണ് അഷിതയും തന്റെ ജന്മനാടിനെ പകർത്തിയത്.
അടുത്തിടെ ചില ഓൺലൈൻ മാദ്ധ്യമങ്ങളിൽ അഷിത എഴുതിയ പ്രതിവാര കോളം ആത്മകഥാംശമുള്ളതായിരുന്നു. പോയകാലത്തെ തന്റെ അനുഭവങ്ങളെയും പുതിയകാലത്തെയും അഷിത മനോഹരമായി കൂട്ടിയിണക്കി. അഷിത ജനിച്ച പഴയന്നൂരും വളർന്ന മറ്റു ചുറ്റുപാടുകളും കഥകളിൽ കാണാം.
പഴയന്നൂർക്കാർക്ക് അഷിതയെന്ന പെൺകുട്ടി എഴുത്തിന്റെ പുതിയ മേഖലകളിലേക്ക് വിഹരിക്കുന്നത് അത്ഭുതവും അഭിമാനവുമായിരുന്നു. അഷിത കുട്ടികൾക്കായും എഴുതി. ഒരമ്മ കഥ പറഞ്ഞുകൊടുക്കും പോലെ വാത്സല്യത്തിന്റെ മഷിപുരണ്ട നന്മയുടെ ഗന്ധമുള്ള കഥകളായിരുന്നു അവ.
ലോകസാഹിത്യത്തിലെ അധികമാരും കൈവയ്ക്കാത്ത കൃതികളെ മലയാളത്തിന് പരിചയപ്പെടുത്തുകയെന്ന ദൗത്യവും അഷിത പിന്നീട് ഏറ്റെടുത്തു. കേരളത്തിൽ നിന്ന് മാറി ഡൽഹിയിലും മുംബയ്‌യിലുമൊക്കെയായി വിദ്യാഭ്യാസ കാലം പൂർത്തിയാക്കിയ അഷിതയ്ക്ക് മലയാളത്തിലെന്ന പോലെ ഇംഗ്ലീഷിലും ഇതര ഭാഷകളിലും ജ്ഞാനം അപാരമായിരുന്നു. മൂലകൃതിയുടെ ശക്തിയും ഓജസ്സും ചോർന്നുപോകാതെ മലയാളത്തിന് പകർന്നുനൽകാൻ അഷിതയ്ക്ക് സാധിച്ചു.
റഷ്യൻ കവിതകൾ പദവിന്യാസങ്ങൾ എന്ന പേരിൽ വിവർത്തനം ചെയ്തിട്ടുണ്ട്. അലക്സാണ്ടർ പുഷ്‌കിന്റെ കവിതകളും അഷിത മലയാളത്തിലേക്ക് മൊഴിമാറ്റി.
ഹൈക്കു കവിതകൾ മലയാളത്തിന് പരിചയപ്പെടുത്തിയതും അഷിതയാണ്. മലയാളത്തിലെ ആധുനികാനന്തര തലമുറയിലെ സ്ത്രീ കഥാകൃത്ത് എന്നൊക്കെ അഷിതയെ വിശേഷിപ്പിക്കാറുണ്ട്. പക്ഷേ, ഒരു ചട്ടക്കൂടിലുംഒതുക്കിനിറുത്താൻ കഴിയാത്ത എഴുത്തുകാരിയായിരുന്നു അഷിത. കാൻസർ രോഗത്തെ കൂടെക്കൂട്ടി മുന്നോട്ടുപോകുമ്പോഴും അതിനെ അതിജീവിക്കാനുള്ള മനോധൈര്യം അവസാനത്തെ എഴുത്തിൽ വരെ അഷിത പ്രകടമാക്കിയിരുന്നു.