ashitha

തൃശൂർ : കഥാകാരി അഷിത വിട പറയുമ്പോൾ സാംസ്‌കാരിക നഗരം വിങ്ങിപ്പൊട്ടുകയായിരുന്നു. ചുറ്റും കൂടിയ കലങ്ങിയ കണ്ണുകളെ സാക്ഷിയാക്കി ഇന്നലെ ഉച്ചയ്‌ക്ക് പാറമേക്കാവ് ശാന്തിഘട്ടിൽ അഷിതയുടെ ഭൗതിക ശരീരം സംസ്‌കരിച്ചു. കിഴക്കുംപാട്ടുകരയിലെ വസതിയായ അന്നപൂർണയിൽ അർബുദ രോഗബാധിതയായി കഴിഞ്ഞിരുന്ന അഷിതയെ ചൊവ്വാഴ്‌ച അർദ്ധരാത്രി അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകാതെ മരിച്ചു. വീട്ടിൽ പൊതുദർശനത്തിന് വച്ച ഭൗതികശരീരത്തിൽ മന്ത്രി വി.എസ്. സുനിൽകുമാർ, സാഹിത്യ അക്കാ‌ഡമി പ്രസിഡന്റ് വൈശാഖൻ,
അനിൽ അക്കര എം.എൽ.എ, സാഹിത്യ അക്കാഡമി സെക്രട്ടറി ഡോ. കെ.പി. മോഹനൻ, അഷ്ടമൂർത്തി, എൽ.ഡി.എഫ് സ്ഥാനാർത്ഥി രാജാജി മാത്യു തോമസ്, വിനയകുമാർ, ഐ. ഷൺമുഖദാസ്, പൊന്ന്യം ചന്ദ്രൻ, പി.എൻ. ഗോപികൃഷ്ണൻ, പി.കെ. ഷാജൻ, പ്രൊഫ. ആർ. ബിന്ദു, സി.ആർ. ദാസ്, എ.എസ്. പ്രിയ തുടങ്ങിയവർ ആദരാഞ്ജലിയർപ്പിച്ചു.

പഴയന്നൂരിൽ കെ. ബാലചന്ദ്രന്റെ മകളായ അഷിതയ്‌ക്ക് 2012ലാണ് കുടലിൽ അർബുദ രോഗബാധയുണ്ടായത്. ശസ്ത്രക്രിയയ്ക്ക് ശേഷം കിഴക്കുംപാട്ടുകരയിലെ വസതിയിൽ സാഹിത്യരചനയിലായിരുന്നു. മഹാരാജാസ് കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയ അഷിത ജേർണലിസത്തിലും ഡിപ്ലോമ നേടിയിട്ടുണ്ട്. ചെറുകഥയ്‌ക്കുള്ള സാഹിത്യ അക്കാഡമി അവാർഡ്, ഇടശ്ശേരി അവാർഡ്, അങ്കണം അവാർഡ്, തോപ്പിൽ രവി അവാർഡ്, ലളിതാംബിക അന്തർജനം അവാർഡ് തുടങ്ങി അനേകം പുരസ്‌കാരങ്ങൾ നേടി. ഭദേവ മനോഹരി നീ' എന്ന കഥ ടി.വി സീരിയലായി സംപ്രേഷണം ചെയ്തു. ഇംഗ്ലീഷിലും കവിതകളെഴുതിയ അഷിത നിരവധി ഇംഗ്ലീഷ് ഗ്രന്ഥങ്ങൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്‌തിട്ടുണ്ട്. കുട്ടികൾക്കായി രാമായണം കഥകളും ഹൈകുകവിതകളും എഴുതി. കേരള സർവകലാശാല ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻസ് പ്രൊഫസർ കെ.വി. രാമൻകുട്ടി ഭർത്താവാണ്. മകൾ : ഉമ.