തൃശൂർ: തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ആവേശം പകരാൻ ഇടത് മുന്നണിയുടെ നേതാക്കന്മാർ ഏപ്രിൽ ഒന്നു മുതൽ എത്തിത്തുടങ്ങും. മണ്ഡലത്തിന്റെ വ്യത്യസ്ത ഇടങ്ങളിൽ സംഘടിപ്പിക്കുന്ന വ്യത്യസ്തമായ പരിപാടികളിൽ നേതാക്കന്മാർ പങ്കെടുക്കും. തൃശൂർ മണ്ഡലത്തിൽ ആദ്യമെത്തുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ഏപ്രിൽ ഒന്നിന് വലപ്പാട് സംഘടിപ്പിക്കുന്ന തീരദേശസംഗമത്തിലേക്കാണ് പിണറായി എത്തുന്നത്. രണ്ടിന് വരന്തരപ്പിള്ളിയിലും കണ്ണാറയിലും നടക്കുന്ന കർഷക സംഗമത്തിൽ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ പങ്കെടുക്കും. ഏഴിന് എം.എ. ബേബി, എസ്. രാമചന്ദ്രൻപിള്ള, 11ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ, 17ന് സീതാറാം യെച്ചൂരി, സുഭാഷിണി അലി എന്നിങ്ങനെയുള്ള നേതാക്കന്മാർ പങ്കെടുക്കും. സി.പി.ഐയുടെ അഖിലേന്ത്യാ നേതാക്കളായ സുധാകർ റെഡ്ഡി, ഡി. രാജ, അമർജിത്ത് കൗർ തുടങ്ങിയ നേതാക്കളും ജില്ലയിലെത്തും.
രണ്ടിന് പത്രിക നൽകും.
സ്ഥാനാർത്ഥി രാജാജി മാത്യു തോമസിന്റെ ഒന്നാംഘട്ട പരസ്യ പ്രചാരണം 29ന് അവസാനിക്കും. രണ്ടിന് നാമനിർദ്ദേശ പത്രിക നൽകും. തുടർന്ന് രണ്ടാംഘട്ട പ്രചാരണം ആരംഭിക്കും. മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഓരോ വിഭാഗങ്ങൾക്കും പ്രത്യേകം സ്‌ക്വാഡ് രൂപീകരിച്ചുള്ള കുടുംബയോഗങ്ങളാണ് ഇടതുമുന്നണിയുടെ തുറുപ്പ് ചീട്ട്. പ്രവാസി സ്‌ക്വാഡ്, മത്സ്യത്തൊഴിലാളികളുടെ സ്‌ക്വാഡ്, വനിതാ സ്‌ക്വാഡ് ഇങ്ങനെ ഓരോ വിഭാഗത്തിനും പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചിട്ടുണ്ട്. യുവതലമുറയെ ആകർഷിക്കുകയെന്ന തന്ത്രത്തോടെ എല്ലാ ദിവസവും എട്ടിന് നടക്കുന്ന ഫേസ്ബുക്ക് ലൈവ് സംവാദത്തിൽ ഇതിനകം ആയിരക്കണക്കിനാളുകളുമായി സ്ഥാനാർത്ഥി സംസാരിച്ചു. തെരുവുനാടകങ്ങൾ, ഫ്‌ളാഷ് മോബ് എന്നിവയ്ക്ക് പുറമെ വാട്ട്‌സ് ആപ്പ് വഴിയുള്ള പ്രചാരണത്തിനും ഇക്കുറി ഇടതുമുന്നണി ഊന്നൽ നൽകിയിട്ടുണ്ട്.
ആലത്തൂരിൽ
സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് മുതൽ മന്ത്രി എം.എം. മണിവരെയുള്ള നേതാക്കളെത്തും. ഏപ്രിൽ 10ന് പ്രകാശ് കാരാട്ട് പാലക്കാട്ടും ആലത്തൂരും പ്രസംഗിക്കും. സുഭാഷിണി അലി ഏപ്രിൽ 18ന് പാലക്കാട്ടും 19ന് ആലത്തൂരുമെത്തും. എസ്. രാമചന്ദ്രൻപിള്ള (7ന് പാലക്കാട്, 8ന് ആലത്തൂർ), മുഖ്യമന്ത്രി പിണറായി വിജയൻ (7ന് പാലക്കാട്ടും ആലത്തൂരും), വി.എസ്. അച്യുതാനന്ദൻ (18, 19 പാലക്കാട്, 20 ആലത്തൂർ). കടകംപള്ളി സരേന്ദ്രൻ (1 പാലക്കാട്), മന്ത്രി കെ.കെ. ഷൈലജ (8ന് പാലക്കാടും ആലത്തൂരും) പരിപാടികളിൽ പങ്കെടുക്കും. മന്ത്രി എം.എം. മണി ഏപ്രിൽ ഒന്നിന് പിരായിരിയിലും പാലക്കാട്ടും പ്രസംഗിക്കും. യോഗം നടക്കുന്ന സ്ഥലം മണ്ഡലം കമ്മിറ്റികളാണ് തീരുമാനിക്കുക.