ചാലക്കുടി: 'താൻ കഴിഞ്ഞ തവണ സ്വന്തം ചിഹ്നം ആവശ്യപ്പെട്ടതാണ്, എന്നാൽ പാർട്ടി നേതാക്കൾ പറഞ്ഞു തത്കാലം കുടം മതിയെന്ന്. പാർട്ടി ചിഹ്നത്തെക്കുറിച്ച് പിന്നെ ആലോചിക്കാമെന്നായിരുന്നു അതിനർത്ഥം. എക്കാലത്തും ആഗ്രഹിച്ചിരുന്ന ചുറ്റിക അരിവാൾ നക്ഷത്രം അടയാളം ഇപ്പോഴാണ് ഒത്തുവന്നത്. ഒരിക്കൽകൂടി എല്ലാവരും എനിക്ക് വോട്ടു ചെയ്യണം' എൽ.ഡി.എഫ് സ്ഥാനാർത്ഥി ഇന്നസെന്റിന്റേതാണ് ഈ വാക്കുകൾ. ചാലക്കുടി മണ്ഡലത്തിൽ ആരംഭിച്ച പര്യടന യോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1750 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ചാലക്കുടി മണ്ഡലത്തിൽ ചെയ്തു തീർക്കാനായി. കേരളത്തിലെ എത്ര എം.പിമാർക്ക് ഇത്തരം പ്രവർത്തനം നടത്താനായി. ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. അതിനായി നിങ്ങൾ എന്നെ വീണ്ടും വിജയിപ്പിക്കണം. ബുധനാഴ്ച രാവിലെ മുരിങ്ങൂരിൽ നിന്നായിരുന്നു തുടക്കം. മേലൂർ, അടിച്ചിലി, നാലുകെട്ട്, ചിറങ്ങര, കല്ലൂർ, ചാലക്കുടി എന്നിവിടങ്ങളിലായിരുന്നു ഉച്ചവരെയുള്ള പ്രചരണം. തുടർന്ന് നഗരസഭയുടെ വിവിധ പ്രദേശങ്ങളിലും പര്യടനം നടത്തി. എല്ലായിടങ്ങളിലും ആവേശോജ്ജ്വല സ്വീകരണങ്ങളാണ് സിറ്റിംഗ് എം.പിക്ക് ലഭിച്ചത്. സ്ത്രീകളടക്കം നിരവധിയാളുകൾ യോഗങ്ങളിൽ പങ്കെടുത്തു. നിരവധി ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയുണ്ടായിരുന്നു. ബി.ഡി. ദേവസി എം.എൽ.എ, സി.പി.എം ഏരിയ സെക്രട്ടറി ടി.എ. ജോണി, യു.പി. ജോസഫ്, അഡ്വ. പി.കെ. ഗിരിജാ വല്ലഭൻ, പി.പി. പോൾ, പി.എം. വിജയൻ, എ.എൽ. കൊച്ചപ്പൻ തുടങ്ങിയ നേതാക്കളും പര്യടനത്തിനുണ്ടായിരുന്നു.