തൃശൂർ: കാത്തിരിപ്പിനൊടുവിൽ തൃശൂർ ലോക‌്സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പു ചിത്രം തെളിഞ്ഞു. എൻ.ഡി.എ. സ്ഥാനാർത്ഥിയായ ബി.ഡി.ജെ.എസ് സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി നാളെ മുതൽ പ്രചാരണത്തിനിറങ്ങുന്നതോടെ കടുത്ത ത്രികോണ മത്സരത്തിന് തൃശൂർ അരങ്ങാകും.
ശക്തമായ അടിയൊഴുക്കുള്ള മണ്ഡലമാണ് തൃശൂർ. രാഷ്ട്രീയ തന്ത്രജ്ഞനായ കെ. കരുണാകരനെപ്പോലും അടിയൊഴുക്കിലൂടെ തോൽപ്പിച്ച മണ്ഡലം. പത്തുതവണ ഇടത്തോട്ടും അഞ്ചുതവണ വലത്തോട്ടും ചാഞ്ഞ മണ്ഡലം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 13-ൽ 12 മണ്ഡലവും ഇടതുപക്ഷം തൂത്തുവാരിയപ്പോൾ വടക്കാഞ്ചേരിയിൽ അനിൽ അക്കരയാണ് കോൺഗ്രസിന്റെ മാനം കാത്തത്. ഈഴവ-ക്രിസ്ത്യൻ വോട്ടുകളാണ് ഇവിടെ ജയപരാജയങ്ങൾ നിർണയിക്കുന്നത്. ബി.ഡി.ജെ.എസുമായുള്ള സഖ്യത്തിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബി.ജെ.പി കൂടുതൽ വോട്ടു നേടിയ ജില്ല കൂടിയാണ് തൃശൂർ.
മേയ് 13നാണ് ഇക്കുറി തൃശൂർ പൂരം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പും പൂരസമയത്തായിരുന്നു. നിയമം കർക്കശമാക്കിയതോടെ പഴയ പൂരം വെടിക്കെട്ടിന്റെ പ്രൗഢി ഇക്കുറിയുണ്ടാകില്ലെങ്കിലും തിരഞ്ഞെടുപ്പിന്റെ കാര്യം അങ്ങനെയല്ല. തിരഞ്ഞെടുപ്പിന്റെ ആരവം ഉയരുന്നതിനു മുമ്പേ തൃശൂരിലെ കോൺഗ്രസിൽ വെടിക്കെട്ടിന് തുടക്കമായിരുന്നു. ഇറക്കുമതി സ്ഥാനാർത്ഥിയേയും പ്രായമായവരെയും തൃശൂരിൽ വേണ്ടെന്ന പോസ്റ്ററൊട്ടിച്ച് സേവ് കോൺഗ്രസാണ് വെട്ടിക്കെട്ടിന് തിരികൊളുത്തിയത്. എങ്കിലും പ്രതീക്ഷിച്ചതു പോലെ സ്ഥാനാർത്ഥിയായ ഡി.സി.സി. പ്രസിഡന്റ് ടി.എൻ. പ്രതാപൻ സ്വതസിദ്ധമായ ശൈലിയിൽ പ്രചാരണത്തിരക്കിലാണ്. വോട്ടർമാരുടെ കൈയിലടിച്ചും ഉമ്മ കൊടുത്തും കെട്ടിപ്പിടിച്ചുമൊക്കെയുള്ള പതിവു പ്രതാപൻ സ്റ്റൈൽ ആണ് ഇക്കുറിയും.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രാജ്യത്ത് സി.പി.ഐയുടെ മാനം കാത്ത ഏക എം.പി. സി.എൻ. ജയദേവനെ തഴഞ്ഞാണ് ഒല്ലൂർ മുൻ എം.എൽ.എ രാജാജി മാത്യു തോമസിനെ ഇടതുപക്ഷം സ്ഥാനാർത്ഥിയാക്കിയത്. ചെറിയ കല്ലുകടി തുടക്കത്തിലുണ്ടായെങ്കിലും പ്രചാരണഘട്ടത്തിൽ ഇതെല്ലാം മാറി. ഏപ്രിൽ രണ്ടിന് രാജാജി നാമനിർദ്ദേശ പത്രിക സമർപ്പിക്കും. പ്രകാശ് കാരാട്ട്, സുധാകർ റെഡ്ഡി, ഡി. രാജ, പിണറായി വിജയൻ തുടങ്ങിയ ഇടതു നേതാക്കൾ അടുത്ത മാസം ഒന്നുമുതൽ പ്രചാരണത്തിന് ജില്ലയിൽ എത്തിത്തുടങ്ങും.
സ്ഥാനാർത്ഥി എത്തേണ്ട കാര്യമേയുള്ളൂ- എൻ.ഡി.എയുടെ കാര്യത്തിൽ. എണ്ണയിട്ട യന്ത്രംപോലെ പാർട്ടി സംവിധാനങ്ങളെയെല്ലാം ഒരുക്കി നിറുത്തിയതിനാൽ നാളെ തുഷാർ പ്രചാരണത്തിനിറങ്ങുന്നതോടെ മറ്റു രണ്ട്
മുന്നണികളേക്കാൾ മുന്നിലെത്താൻ കഴിയുമെന്ന ആത്മവിശ്വാസമുണ്ട്, എൻ.ഡി.എയ്‌ക്ക്.
2014ലെ വോട്ടിംഗ് നില
സി.എൻ. ജയദേവൻ (സി.പിഐ) : 389209
കെ.പി. ധനപാലൻ (ഐ.എൻ.സി): 350982
കെ.പി. ശ്രീശൻ (ബി.ജെ.പി): 102681
സി.എൻ. ജയദേവന്റെ ഭൂരിപക്ഷം : 38227
നിയമസഭാ മണ്ഡലങ്ങൾ
ഗുരുവായൂർ, മണലൂർ, ഒല്ലൂർ, തൃശൂർ, നാട്ടിക, ഇരിങ്ങാലക്കുട, പുതുക്കാട്