എരുമപ്പെട്ടി: മണ്ണാംകുന്ന് കോളനിയിലെ പൊതുകുളം മാലിന്യങ്ങൾ നിറഞ്ഞ് നശിക്കുന്നു. 40 വർഷമായി കെട്ടികിടക്കുന്ന മലിനജലം വറ്റിച്ച് കുളം വൃത്തിയാക്കണമെന്ന ആവശ്യം ശക്തമാണ്.
കടങ്ങോട് പഞ്ചായത്തിലെ എട്ടാം വാർഡിലെ ഏറ്റവും വലിയ പട്ടികജാതി കോളനി കൂടിയായ മണ്ണാൻകുന്നിലാണ് പൊതുകുളം സ്ഥിതി ചെയ്യുന്നത്. 59 കുടുംബങ്ങൾ താമസിക്കുന്ന മണ്ണാംകുന്നിലെ കോളനി നിവാസികൾ കുളിക്കുന്നതും വസ്ത്രം അലക്കുന്നതും ഇവിടെയാണ്. രൂക്ഷമായ ജലക്ഷാമമാണ് ഇവർ നേരിടുന്നത്.
വർഷങ്ങൾക്ക് മുൻപ് നാട്ടുകാരുടെ നേതൃത്വത്തിൽ കുളം വൃത്തിയാക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും അധികൃതർ ഇത് തടയുകയാണുണ്ടായതെന്ന് നാട്ടുകാർ പറയുന്നു. നിരവധി തവണ വാർഡ് മെമ്പർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. ശക്തമായ ചൂടിനെ എതിരേൽക്കാൻ പ്ലാസ്റ്റിക് മാലിന്യങ്ങളും പായലും നിറഞ്ഞ് മലീമസമായ ജലാശയത്തെ ആശ്രയിക്കേണ്ടുന്ന സ്ഥതിയാണിപ്പോൾ. കുട്ടികളെയും രോഗികളെയും സംരക്ഷിക്കാൻ 500 മുതൽ 1000 രൂപ വരെ കൊടുത്ത് ആഴ്ചയിൽ വണ്ടിവെള്ളം ഇറക്കേണ്ട അവസ്ഥയാണുള്ളത്. പകർച്ചവ്യാധികളും ത്വക്ക് രോഗങ്ങളും ഭയന്നാണ് ഇവർ ജീവിക്കുന്നത്. 200ലധികം വരുന്ന കോളനി നിവാസികളുടെ ദുരവസ്ഥ അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണെന്നും ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ കുളം വൃത്തിയാക്കിത്തരണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.