തൃശൂർ : തൃശൂരിൽ തുഷാറാട്ടാ...തുഷാർ ഉഷാറാട്ടാ..... സ്ഥാനാർത്ഥി പ്രഖ്യാപനം വരും മുമ്പേ സമൂഹ മാദ്ധ്യമങ്ങളിൽ തുഷാറിന്റെ പ്രചാരണത്തിനായി പ്രചരിപ്പിച്ചിരുന്ന വാചകങ്ങൾ. എൻ.ഡി.എ സ്ഥാനാർത്ഥിയായി തൃശൂരിൽ മത്സരിക്കാൻ തുഷാർ വെള്ളാപ്പള്ളി എത്തുമ്പോൾ മേൽപ്പറഞ്ഞ വാചകങ്ങൾ വീണ്ടും നിറയുകയാണ്. എൽ.ഡി.എഫും യു.ഡി.എഫും പ്രചരണ രംഗത്ത് ഏറെ മുന്നേറിയെങ്കിലും നാളെ തുഷാർ എത്തുന്നതോടെ പ്രചരണ രംഗം ചൂടുപിടിക്കുമെന്ന് എൻ.ഡി.എ നേതാക്കൾ പറഞ്ഞു. രാവിലെ തേക്കിൻകാട് മൈതാനിയിൽ എത്തുന്ന തുഷാർ വടക്കുന്നാഥ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമായിരിക്കും പ്രചരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുക. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി ബി.ജെ.പി ജില്ലാ പ്രസിഡന്റ് എ. നാഗേഷ് പറഞ്ഞു. മണ്ഡലം കൺവെൻഷനുകൾ ഈ മാസം പൂർത്തിയാകും. എപ്രിൽ അഞ്ചിന് ലോക്‌സഭാ മണ്ഡലം കൺവെൻഷനും നടക്കും. ബി.ജെ.പിയുടെ നേതൃത്വത്തിൽ ഇതിനോടകം 700 ഓളം കുടുംബ സംഗമം പൂർത്തിയായി. 1500 ഓളം കുടുംബ സംഗമങ്ങളാണ് നടത്താൻ തീരുമാനിച്ചിരിക്കുന്നതെന്നും നാഗേഷ് പറഞ്ഞു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒരു ലക്ഷത്തിലേറെയും നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ട് ലക്ഷത്തിലേറെയും വോട്ടുകൾ ലോക് സഭാ മണ്ഡലത്തിൽ നിന്ന് എൻ.ഡി.എയ്ക്ക് ലഭിച്ചിരുന്നു. അതുകൊണ്ട് ഇത്തവണ ശക്തമായ ത്രികോണ മത്സരം നടക്കുമെന്നാണ് നേതാക്കൾ അഭിപ്രായപ്പെടുന്നത്. ബി.ഡി.ജെ.എസ് സംസ്ഥാന അദ്ധ്യക്ഷനും എൻ.ഡി.എയുടെ കൺവീനറും കൂടിയായ തുഷാറിന്റെ പ്രചരണത്തിന് മുതിർന്ന കേന്ദ്ര നേതാക്കൾ തന്നെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്...