തൃശൂർ: ശക്തമായ ത്രികോണ മത്സരത്തിന് വഴിയൊരുക്കി എൻ.ഡി.എ സ്ഥാനാർത്ഥിയായ ബി.ഡി.ജെ.എസ് സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ഇന്ന് മുതൽ തൃശൂർ ലോക് സഭാ മണ്ഡലത്തിൽ പ്രചാരണത്തിനിറങ്ങും. രാവിലെ ഒമ്പതരയ്ക്ക് പൂങ്കുന്നം ശിവക്ഷേത്രത്തിന് മുന്നിൽ നിന്ന് ബൈക്ക് റാലിയുടെ അകമ്പടിയോടെ അദ്ദേഹം വടക്കുന്നാഥ ക്ഷേത്രത്തിലെത്തും.
വടക്കുന്നാഥ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും. ബി.ജെ.പി. ഓഫീസിലും കൂർക്കഞ്ചേരി ശ്രീമാഹേശ്വര ക്ഷേത്രത്തിലും സന്ദർശനം നടത്തും. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കി തുഷാറിനെ വരവേൽക്കാൻ ഒരുങ്ങിയിരിക്കുകയാണ് എൻ.ഡി.എ പ്രവർത്തകരും നേതാക്കളും. പാർട്ടി സംവിധാനങ്ങളെയെല്ലാം സജീവമായി മുമ്പേ ഒരുക്കി നിറുത്തിയതിനാൽ തുഷാർ പ്രചാരണത്തിനിറങ്ങുന്നതോടെ മറ്റു രണ്ട് മുന്നണികളേക്കാൾ മുന്നിലെത്താൻ കഴിയുമെന്ന ആത്മവിശ്വാസമുണ്ട്, എൻ.ഡി.എയ്ക്ക്.
ബി.ഡി.ജെ.എസുമായുള്ള സഖ്യത്തിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബി.ജെ.പി കൂടുതൽ വോട്ടു നേടിയ ജില്ല കൂടിയാണ് തൃശൂർ. പോയ കാലങ്ങളിൽ ബി.ജെ.പിയുടെ വളർച്ചയും വോട്ട് വർദ്ധനയും ശ്രദ്ധേയമായിരുന്നു. അതുകൊണ്ടു തന്നെ എൻ.ഡി.എ. നല്ല ആത്മവിശ്വാസത്തിലാണ്. ബി.ഡി.ജെ.എസ് വന്ന ശേഷം എൻ.ഡി.എയിൽ ഉണ്ടായ വൻമുന്നേറ്റം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വ്യക്തമായിരുന്നു. മണലൂർ, ഇരിങ്ങാലക്കുട, പുതുക്കാട് മണ്ഡലങ്ങളിൽ മുന്നേറ്റമുണ്ടായി. നാട്ടികയിലും തീരമേഖലയിലും നല്ല പോലെ വോട്ട് വർദ്ധിച്ചു.
പൂരം എഴുന്നള്ളിപ്പ്, വെടിക്കെട്ട് സംബന്ധിച്ച് വിശ്വാസികൾക്ക് അനുകൂലമായുള്ള ബി.ജെ.പിയുടെ ഇടപെടലും തുണയായി. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും മുന്നേറ്റം പ്രകടമായിരുന്നു. അവിണിശേരി പഞ്ചായത്തിന്റെ ഭരണം ലഭിച്ചു. വിശ്വാസികൾ ഏറെയുള്ള തൃശൂരിൽ, ശബരിമല വിഷയവും അനുകൂല ഘടകമാണ്. തുഷാറിന്റെ പ്രചാരണത്തിന് ബി.ജെ.പിയുടെ മുതിർന്ന കേന്ദ്ര നേതാക്കൾ തന്നെ എത്തും. തൃശൂരിൽ മത്സരിക്കണമെന്ന ബി.ജെ.പി കേന്ദ്രനേതൃത്വത്തിന്റെ സമ്മർദ്ദവും പിന്തുണയും കൊണ്ടാണ് തുഷാർ രംഗത്തിറങ്ങുന്നത്. എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ്, ബി.ഡി.ജെ.എസ് അദ്ധ്യക്ഷൻ, എൻ.ഡി.എ സംസ്ഥാന കൺവീനർ, എസ്.എൻ ട്രസ്റ്റ് അസിസ്റ്റന്റ് സെക്രട്ടറി, കണിച്ചുകുളങ്ങര ദേവസ്വം വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിക്കുന്നുണ്ട്.