തൃശൂർ: സ്‌റ്റേറ്റ് ജനറൽ ഇൻഷ്വറൻസ് എംപ്ലോയീസ് യൂണിയൻ 44ാം സംസ്ഥാന സമ്മേളനം നാളെയും മറ്റെന്നാളും തൃശൂരിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. പൊതുമേഖല ജനറൽ ഇൻഷ്വറൻസ് കമ്പനികളായ നാഷണൽ, ന്യൂ ഇന്ത്യ, യുണൈറ്റഡ് ഇന്ത്യ, ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനികളിലെ ജീവനക്കാരുടെ സംഘടനയായ കെ.എസ്.ജി.ഐ.ഇ.യു സമ്മേളനമാണ് തൃശൂർ ചെമ്പൂക്കാവ് എഴുത്തച്ഛൻ സമാജം ഹാളിൽ നടത്തുന്നത്. 200 പ്രതിനിധികൾ പങ്കെടുക്കും. നാളെ രാവിലെ പത്തിന് മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. യൂണിയൻ സംസ്ഥാന പ്രസിഡന്റ് വിജു പോൾ തെക്കേക്കര അദ്ധ്യക്ഷത വഹിക്കും. ആൾ ഇന്ത്യ ഇൻഷ്വറൻസ് എംപ്ലോയീസ് അസോസിയേഷൻ സെക്രട്ടറി ജി. ആനന്ദ് മുഖ്യപ്രഭാഷണം നടത്തും. വൈകിട്ട് മൂന്നിന് പ്രതിനിധി സമ്മേളനം ആരംഭിക്കും. റിപ്പോർട്ട് അവതരണവും ചർച്ചകൾക്കും ശേഷം ഞായറാഴ്ച വൈകിട്ട് സമ്മേളനം സമാപിക്കും. പ്രളയത്തിൽ നാശനഷ്ടം സംഭവിച്ച 56,808 ക്ലെയിമുകളിൽ 96.5 ശതമാനവും പൊതുമേഖലാ ഇൻഷ്വറൻസ് കമ്പനികൾ കൊടുത്തു തീർത്തു. കൂടാതെ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 12 കോടിയും ഇൻഷ്വറൻസ് കമ്പനികൾ നൽകി. ലാഭത്തിൽ പ്രവർത്തിക്കുന്ന ഈ പൊതുമേഖലാ ഇൻഷ്വറൻസ് കമ്പനികളുടെ ഓഹരികൾ വിറ്റ്, പൂർണ സ്വകാര്യവത്കരണമാണ് മോദി സർക്കാരിന്റെ നേതൃത്വത്തിൽ നടക്കുന്നത്. പൊതുമേഖല ഇൻഷ്വറൻസ് കമ്പനികളെ ഏകോപിപ്പിക്കുക, ഓഹരിവിൽപന നടപടി ഉപേക്ഷിക്കുക, ക്ലാസ് ത്രീഎ ഫോർ തസ്തികകളിൽ ഉടൻ നിയമനം നടത്തുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനത്തിൽ ചർച്ചയാകും. പത്രസമ്മേളനത്തിൽ യൂണിയൻ പ്രസിഡന്റ് പി.ആർ ശശി, വൈസ് പ്രസിഡന്റുമാരായ ഡോ. കെ. ജോയ് പോൾ, എൻ.വി. ബാബുരാജ്, ജില്ലാ സെക്രട്ടറി കെ. ശ്രീജിത്ത് എന്നിവർ പങ്കെടുത്തു...