ചാവക്കാട്: ചൂട് കനത്തതോടെ തീരദേശ മേഖലയിൽ കോഴികൾ ചത്തൊടുങ്ങുന്നു. തിരുവത്ര കോട്ടപ്പുറത്ത് നൂറോളം കോഴികളാണ് ചത്തത്. തിരുവത്ര കോട്ടപ്പുറം ചിങ്ങനാത്ത് അബ്ദുൽ ജബാറിന്റെ വീട്ടിലെ 36 നാടൻ കോഴികളും, കടാമ്പുള്ളി ശശിയുടെ വീട്ടിലെ 70 കോഴികളും ചത്തു. അധികവും മുട്ടയിടുന്ന കോഴികളാണ് ചത്തിട്ടുള്ളത്. കോഴികൾ തൂങ്ങി നിൽക്കുന്നത് കണ്ട് വെള്ളം കൊടുത്തെങ്കിലും കുടിച്ചില്ലെന്ന് വീട്ടുകാർ പറഞ്ഞു. ഉടൻതന്നെ ചാവക്കാട് മണത്തല മൃഗാശുപത്രിയിൽ വിവരം അറിയിച്ചതിനെ തുടർന്ന് അധികൃതർ കോഴികൾക്ക് തുള്ളി മരുന്നും ഗുളികയും കൊടുത്തെങ്കിലും രക്ഷയുണ്ടായില്ല. കനത്ത ചൂട് മൂലമാണ് കോഴികൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നതെണ് സീനിയർ വെറ്ററിനറി സർജൻ രഞ്ജി ജോൺ പറഞ്ഞു.