ചാലക്കുടി : വിനോദ സഞ്ചാരം വികസിപ്പിക്കൽ ലക്ഷ്യമിട്ട സംസ്ഥാന സർക്കാർ ആസൂത്രണം ചെയ്ത ബ്ലോഗേഴ്‌സ് എക്‌സ്പ്രസ് പദ്ധതിയുടെ ഭാഗമായി 26 വിദേശികൾ അതിരപ്പിള്ളിയിലെത്തി. ടൂറിസം വകുപ്പ് ഓൺലൈൻ മുഖേനെ നടത്തിയ ബ്ലോഗ് മത്സര വിജയികളാണ് പഠനത്തിനും നിരീക്ഷണത്തിനുമായി അതിരപ്പിള്ളിയിലെത്തിയത്. വെള്ളച്ചാട്ടത്തിന്റെ ഭംഗിയും കാട്ടാറിന്റെ തനിമയുമെല്ലാം ഇനിയിവരുടെ സൈറ്റുകളാൽ ലോകം മുഴുവൻ പാറി നടക്കും.
ഇവർ ലക്ഷക്കണക്കിന് വ്യൂവേഴ്‌സുള്ളവരാണ്. ഏഴായിരം അപേക്ഷകളിൽ നിന്നാണ് 21 രാജ്യങ്ങളിലെ 26 പേരെയാണ് തെരഞ്ഞെടുത്തത്. സ്‌പെയിൻ, ഇറ്റലി, ഹംഗറി, കാനഡ, ഇംഗ്ലണ്ട് അങ്ങിനെ നീളുന്നു രാജ്യങ്ങൾ. അതിരപ്പിള്ളിയിലെ അനുഭവം തങ്ങൾക്ക് ഹരം കൊള്ളിച്ചുവെന്ന് അലക്‌സ് ചക്കോൻ പറഞ്ഞു. സംസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഇവർ സന്ദർശിച്ച് നിരീക്ഷണം നടത്തും. ജില്ലയിലെ ഏകസ്ഥലമാണ് അതിരപ്പിള്ളി. സംഘത്തിന്റെ മുഴുവൻ ചെലവും വഹിക്കുന്നത് കേരള ടൂറിസം വകുപ്പാണ്.