തൃശൂർ: ബന്ധുവിനെ കൊലപ്പെടുത്തി, 215 ഗ്രാം സ്വർണക്കട്ടി കവർന്ന കേസിൽ പഞ്ചിമ ബംഗാൾ സ്വദേശി കുറ്റക്കാരനാണെന്ന് തൃശൂർ അഡിഷണൽ ജില്ലാ ജഡ്ജി നിസാർ അഹമ്മദ് കണ്ടെത്തി. പശ്ചിമ ബംഗാൾ ഹൗറ ജില്ലയിൽ ശ്യാംപൂർ കാന്തിലാബാർ സ്വദേശി അമിയ സാമന്തയാണ് (38) പ്രതി. ശിക്ഷ നാളെ വിധിക്കും. ഹൗറ ജില്ലയിലെ ജാദബ് കുമാർ ദാസാണ് 2012 ഒക്ടോബർ 12ന് കണ്ഠേശ്വരത്തുള്ള താമസ സ്ഥലത്ത് കൊല്ലപ്പെട്ടത്.
ഇരിങ്ങാലക്കുട കണ്ഠേശ്വരത്തെ ആഭരണ നിർമ്മാണ ശാലയുടെ ഉടമ പണ്ഡാരത്ത് പറമ്പിൽ ഭരതനാണ് ആഭരണം പണിയാൻ സാമന്തയുടെ ബന്ധുവായ ജാദബ് കുമാർ ദാസിനെ സ്വർണം ഏല്പിച്ചത്. ഭരതന്റെ കീഴിൽ സ്വർണാഭരണ നിർമ്മാണ തൊഴിലാളികളായിരുന്നു ഇരുവരും. കൊല നടന്നതിന് അഞ്ച് ദിവസം മുമ്പാണ് ആഭരണങ്ങൾ പണിയാൻ ഏല്പിച്ചത്. നാട്ടിൽ പോയിരുന്ന സാമന്ത ഇതിനിടയിൽ തിരിച്ചെത്തി. 12ന് ദാസിനെ കൊലപ്പെടുത്തി 215 ഗ്രാം സ്വർണം അപഹരിച്ച സാമന്ത അടുത്ത ദിവസം രാവിലെ തൃശൂരിലെത്തി ട്രെയിൻ മാർഗം പശ്ചിമ ബംഗാളിലേക്ക് മുങ്ങുകയായിരുന്നു. മുറി പുറത്തു നിന്ന് പൂട്ടിയ നിലയിൽ കണ്ടതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്. ഇരിങ്ങാലക്കുട പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി സാമന്തയെ അഞ്ച് ദിവസത്തിന് ശേഷം പശ്ചിമ ബംഗാളിലെ ചക്രാപ്പൂർ ഗ്രാമത്തിൽ നിന്ന് പിടികൂടി. സാമന്തയുടെ സുഹൃത്തിന്റെ വീട്ടിൽ നിന്ന് സ്വർണ ഉരുപ്പടികളും കണ്ടെടുത്തു.
27 മുറിവുകൾ
ഗുരുതരമായ 27 മുറിവുകളാണ് ജാദബ് കുമാർ ദാസിന്റെ ശരീരത്തിലുണ്ടായിരുന്നത്. 26 സാക്ഷികളെ വിസ്തരിച്ചു. 30 രേഖകളും 20 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ ഹാജരാക്കി. കൊലപ്പെടുത്താൻ ഉപയോഗിച്ച വലിയ കത്തി വില്പന നടത്തിയ കച്ചവടക്കാരനും കോടതി മുമ്പാകെ മൊഴി നൽകി. സംഭവം നേരിൽ കണ്ട സാക്ഷികളാരും ഇല്ലാതിരുന്നിട്ടും സാഹചര്യത്തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിൽ പ്രതി കുറ്റക്കാരനാണെന്ന് പ്രോസിക്യൂഷൻ കണ്ടെത്തുകയായിരുന്നു. ഇരിങ്ങാലക്കുട സി.ഐ ആയിരുന്ന ടി.എസ്. സിനോജാണ് കേസന്വേഷിച്ചത്. പ്രോസിക്യൂഷനായി പബ്ലിക് പ്രോസിക്യൂട്ടർ പി. സുനിൽ, അഡ്വ. അമീർ, അഡ്വ. കെ.എം. ദിൽ എന്നിവർ ഹാജരായി.