മാള: പ്രളയം ഏറെ ബാധിച്ച ചാലക്കുടി മണ്ഡലത്തിൽ എം.പിയുടെ അസാന്നിദ്ധ്യം നാട്ടുകാർ ആക്ഷേപമായി ഉന്നയിക്കുന്നുണ്ടെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി ബെന്നി ബഹനാൻ പറഞ്ഞു. മാളയിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 1750 കോടിയുടെ വികസനം നടപ്പാക്കിയെന്ന് അവകാശപ്പെടുമ്പോൾ അതിന്റെ ഒരു വിഹിതം ഓരോ പഞ്ചായത്ത് പരിധിയിലും ലഭിക്കേണ്ടതാണ്. അത് ലഭിച്ചോയെന്ന് വോട്ടർമാർ പരിശോധിക്കണം. ഇത്തരം കുപ്രചരണങ്ങൾ കാര്യങ്ങൾ യു.ഡി.എഫിന് അനുകൂലമാക്കും. താൻ വിജയിച്ചാൽ സാധാരണക്കാരുടെ സുഖ ദുഖങ്ങളിൽ പങ്ക് ചേരും. പ്രളയക്കെടുതിയിൽ ആശ്വാസമെത്തിക്കാൻ സർക്കാരിന് കഴിഞ്ഞില്ലെന്നതാണ് കാതലായ പ്രശ്നം. പദ്ധതി വിഹിതത്തിൽ 57 ശതമാനം മാത്രമാണ് ചെലവഴിച്ചത്. പ്രാദേശിക തലത്തിൽ പോലും പ്രാധാന്യമില്ലാത്ത പാർട്ടിയായി സി.പി.എം ഈ തിരഞ്ഞെടുപ്പോടെ മാറും. കേന്ദ്ര സർക്കാർ നയങ്ങളാൽ എല്ലാ മേഖലയും തകർച്ചയിലായെന്നും യു.ഡി.എഫ് സ്ഥാനാർത്ഥി വ്യക്തമാക്കി...