തൃശൂർ: രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പു വാഗ്ദാനത്തെ ഒരിക്കലും ഭരണത്തിൽ കയറാൻ കഴിയില്ലെന്നറിയുന്നവർക്ക് എന്തും പറയാമെന്ന നിലയിൽ കണ്ടാൽ മതിയെന്ന് തൃശൂർ ലോക്‌സഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥിയും ബി.ഡി.ജെ.എസ് സംസ്ഥാന അദ്ധ്യക്ഷനുമായ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ബി.ജെ.പി ഓഫീസിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അര നൂറ്റാണ്ടുകാലം മാറിമാറി ഇന്ത്യ ഭരിച്ചവരുടെ കുടുംബത്തിൽപ്പെട്ട രാഹുൽഗാന്ധിയാണ് പട്ടിണി മാറ്റുമെന്ന് പ്രഖ്യാപിക്കുന്നത്. എന്തൊരു തമാശയാണത്. അടുത്ത അഞ്ച് വർഷക്കാലത്തെ നരേന്ദ്രമോദിയുടെ ഭരണത്തിലൂടെ ഇന്ത്യ ലോകത്തുതന്നെ ഒന്നാമതായി മാറും. അഞ്ചുവർഷം മുമ്പ് സാമ്പത്തികമായി പിന്നാക്കം നിന്നിരുന്ന അഞ്ച് രാജ്യങ്ങളിൽ ഒന്നായിരുന്നു ഇന്ത്യ. അഞ്ച് വർഷത്തിനുശേഷം സാമ്പത്തികമായി മുന്നാക്കം നിൽക്കുന്ന അഞ്ച് രാജ്യങ്ങളിൽ ഒന്നായി ഇന്ത്യയെ മാറ്റാൻ നരേന്ദ്രമോദിക്ക് കഴിഞ്ഞു. കേരളത്തിന് ഏറ്റവും കൂടുതൽ സാമ്പത്തിക സഹായം ലഭിച്ചിട്ടുള്ളത് മോദിയുടെ ഭരണകാലത്താണ്. ഹിന്ദുവിനും മുസ്ലിമിനും ക്രിസ്ത്യാനിക്കും തുല്യനീതി എന്ന മുദ്രാവാക്യമാണ് മോദിയുടേത്. ഇങ്ങനെയൊരു സർക്കാർ സ്വാതന്ത്ര്യലബ്ധിക്കുശേഷം ഉണ്ടായിട്ടില്ലെന്നും തുഷാർ പറഞ്ഞു.