തൃശൂർ: വീടും സ്ഥലവും ഇല്ലാത്തവർക്ക് ഇവ ലഭിക്കുമെന്ന വ്യാജ റിപ്പോർട്ടിനെ തുടർന്ന് അപേക്ഷ നൽകാൻ കളക്ടറേറ്റിൽ വൻ തിരക്ക്. ആരാണ് ഇത്തരത്തിലൊരു കാര്യം പറഞ്ഞതെന്ന് അപേക്ഷകരോട് ചോദിച്ചാൽ ആർക്കും ഉത്തരമില്ല. അപേക്ഷകരുടെ തിക്കും തിരക്കും മൂലം കളക്ടറേറ്റിലെ ഓഫീസ് പ്രവർത്തനം പോലും നടത്താൻ പറ്റാത്ത സാഹചര്യമായി.

പാവപ്പെട്ട ആളുകളാണ് വീടും സ്ഥലവും ലഭിക്കുമെന്ന് പറഞ്ഞുകേട്ട് രാവിലെ മുതൽ കൈക്കുഞ്ഞുങ്ങളുമായൊക്കെ കളക്ടറേറ്റിലെത്തുന്നത്. എത്ര പറഞ്ഞാലും മനസിലാകാത്തതിനാൽ കൂടുതൽ പ്രശ്‌നങ്ങളുണ്ടാകാതിരിക്കാനായി എല്ലാ അപേക്ഷകളും വാങ്ങി വയ്ക്കുകയാണ് ഉദ്യോഗസ്ഥർ. ജില്ലയുടെ വിവിധയിടങ്ങളിൽ നിന്നാണ് ആളുകൾ എത്തിക്കൊണ്ടിരിക്കുന്നത്. ദിവസവും മുന്നൂറു മുതൽ 500 വരെ അപേക്ഷകരാണ് കളക്ടറേറ്റിലെത്തി കൊണ്ടിരിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പലരും ഇവിടെ വരുമ്പോഴാണ് ഇത്തരം പദ്ധതി ഇല്ലെന്ന് അറിയുന്നതും തിരികെ പോകുന്നതും. പലരും അപേക്ഷ നൽകാതെ മടങ്ങി പോകുന്നുണ്ട്. 2017 ൽ ആണ് ലൈഫ് പദ്ധതി പ്രകാരം ഇത്തരം സഹായം കേരള സർക്കാർ നടപ്പിലാക്കിയത്. അന്ന് ലഭിച്ചിട്ടുളള അപേക്ഷകൾ പരിഗണിച്ച് കൊണ്ടിരിക്കുകയാണിപ്പോൾ. ഇനി അടുത്ത പദ്ധതിക്കായി അപേഷകൾ ക്ഷണിക്കുന്നത് 2020 ൽ ആണത്രേ. തിരക്ക് മൂലം കളക്ടറേറ്റിലെ ഫ്രണ്ട് ഓഫിസിലെ മറ്റു സേവനങ്ങൾക്ക് തടസം നേരിടുന്നുണ്ട്. ഇതേ സമയം സിവിൽ സ്റ്റേഷന് മുന്നിലെ അപേക്ഷ എഴുതാൻ ഇരിക്കുന്നവർക്ക് വൻ തിരക്കാണ്.