തൃശൂർ: തൃശൂർ പൂരം പ്രദർശനം ഏപ്രിൽ ഒന്ന് മുതൽ മേയ് 22 വരെ വടക്കുന്നാഥ ക്ഷേത്രമൈതാനം പ്രദർശന നഗരിയിൽ നടക്കും. ഏപ്രിൽ ഒന്നിന് അഞ്ചിന് മന്ത്രി എ.സി. മൊയ്തീൻ പ്രദർശനം ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എസ്. സുനിൽ കുമാർ അദ്ധ്യക്ഷനാവും. 190 സ്റ്റാളുകളും ഐ.എസ്.ആർ.ഒ, ബി.എസ്.എൻ.എൽ, കയർബോർഡ് തുടങ്ങി 60 പവലിയനുകളുമാണ് സജ്ജമാക്കുന്നത്.

പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി, ആക്ട്‌സ്, സായ് സേവാസമിതി തുടങ്ങിയ സംഘടനകൾക്ക് സൗജന്യ സ്റ്റാളുകൾ അനുവദിക്കും. കുട്ടികൾക്കായി നിരവധി വിനോദാപാധികളാണ് ഒരുക്കുക. എല്ലാ ദിവസവും വൈകീട്ട് കലാസന്ധ്യകൾ അരങ്ങേറും. പ്രദർശനത്തിലേക്കാവശ്യമായ വെള്ളം വടക്കെച്ചിറയിൽനിന്നും പാറമേക്കാവ് ക്ഷേത്രക്കുളത്തിൽ നിന്നും എടുക്കും. സാധാരണദിവസം പ്രവേശന ടിക്കറ്റിന് ജി.എസ്.ടി. ഉൾപ്പെടെ 25 രൂപയും മെയ് 12,13,14 എന്നീ പൂരം ദിവസങ്ങളിൽ 35 രൂപയുമാണ് വില. രാവിലെ 10 മുതൽ രാത്രി ഒമ്പത് വരെയാണ് പ്രദർശനം.

പൂരത്തിന്റെ തലേദിവസമായ മേയ് 12ന് രാവിലെ 10 മുതൽ രാത്രി 11 വരെയും പൂരദിവസമായ 13ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് രണ്ട് വരെയുമാണ് പ്രദർശനം. പത്രസമ്മേളനത്തിൽ പ്രസിഡന്റ് കെ. സതീഷ് മേനോൻ, വൈസ് പ്രസിഡന്റ് പ്രൊഫ. പി. ചന്ദ്രശേഖരൻ, സെക്രട്ടറി പി. രാധാകൃഷ്ണൻ, ജോയിന്റ് സെക്രട്ടറി വി. രാംകുമാർ, ഖജാൻജി കെ. മാധവകുമാർ എന്നിവർ പങ്കെടുത്തു...