തൃശൂർ: നഗരത്തിലെ അനാഥാലയങ്ങളിലും ആരാധനാലയങ്ങളിലും വിദ്യാലയങ്ങളിലും തൊഴിലിടങ്ങളിലുമായി യു.ഡി.എഫ് സ്ഥാനാർത്ഥി ടി.എൻ പ്രതാപന്റെ ഒന്നാംഘട്ട തിരഞ്ഞെടുപ്പ് പര്യടനം. രാവിലെ അയ്യന്തോൾ ഇലക്ഷൻ കമ്മിറ്റി ഓഫീസ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തുകൊണ്ടായിരുന്നു തുടക്കം. തേറമ്പിൽ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ല ഫാർമേഴ്‌സ് സഹകരണ സംഘം ജീവനക്കാർ കെട്ടിവയ്ക്കാനുള്ള തുക കൈമാറി. ഒരു കൊട്ട ജൈവ വെള്ളരി സ്ഥാനാർത്ഥിക്ക് നൽകിയാണ് സ്വീകരിച്ചത്. ഒളരി പള്ളി, ചേറ്റുപുഴ പള്ളി, കോൺവന്റ് എന്നിവടങ്ങളിൽ സന്ദർശിച്ചു. സെന്റ് അലോഷ്യസിൽ വോട്ടഭ്യർത്ഥിച്ചു. പുല്ലഴി ലക്ഷ്മി മില്ലും പുല്ലഴി സെന്റ് ജോസഫ് ഹാളും സന്ദർശിച്ചു. സെന്റ് ജോസഫ് മെന്റൽ ഹെൽത്ത് കെയർ, പുല്ലഴി സെന്റ് ക്രീസിറ്റീന ഹോം, നവജ്യോതി കോളേജ് എന്നിവിടങ്ങളിലുമെത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി പത്മജ വേണുഗോപാൽ, കൗൺസിലർ എ. പ്രസാദ് എന്നിവർ സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു.
ജില്ലാ സഹകരണ സംഘം, അയ്യന്തോൾ യു.പി സ്‌കൂൾ സന്ദർശിച്ചു. സെന്റ് സെബാസ്റ്റ്യൻ പള്ളി, അരണാട്ടുകര ഇൻഫന്റ് ജീസസ് കോൺവെന്റ്, പൂത്തോൾ കാൽവരി ആശ്രമം, സോഷ്യൽ സെന്റർ സെന്റ് ആനീസ് എസ്.ജി.ഇ.എച്ച്.എസ് സ്‌കൂളും നിർമല കോളേജും സന്ദർശിച്ചു. പരീക്ഷ കഴിയുന്ന അവസാന ദിവസമായതിനാൽ കുട്ടികളുമായി സെൽഫിയെടുത്ത് സന്തോഷം പങ്കുവെച്ചു. സേവാസദനം സന്ദർശിച്ച അദ്ദേഹത്തെ സെക്രട്ടറി ഇന്ദിര ടീച്ചർ, ഗിരിജ വല്ലഭൻ എന്നിവർ സ്വാഗതം ചെയ്തു. പൂങ്കുന്നം സീതാറാം ടെക്സ്റ്റൈൽസിൽ കരിക്കിൻ വെള്ളം നൽകിയും പൊന്നാട അണിയിച്ചും കൊണ്ടായിരുന്നു തൊഴിലാളികൾ സ്വീകരിച്ചത്. സെന്റ് മേരീസ് കോളേജിലും സെന്റ് തോമസ് കോളേജിലും വോട്ടഭ്യർത്ഥിച്ച അദ്ദേഹം വൈകിട്ട് നഗരത്തിൽ യു.ഡി.എഫ് പ്രവർത്തകരുടെ റോഡ് ഷോയിലും പങ്കെടുത്തു...