തൃപ്രയാർ : ഏപ്രിൽ ഒന്നിന് വലപ്പാട് നടക്കുന്ന തീരദേശ സംഗമം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വൈകീട്ട് 4ന് വലപ്പാട് ചന്ത മൈതാനത്താണ് പതിനായിരങ്ങൾ പങ്കെടുക്കുന്ന സംഗമം. തീരദേശമേഖലയുടെ സമഗ്ര പുരോഗതിയെ കുറിച്ച് ചർച്ച ചെയ്യുന്നതിനാണ് സംഗമം സംഘടിപ്പിച്ചിട്ടുള്ളതെന്ന് എൽ.ഡി.എഫ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ചാലക്കുടി, തൃശൂർ പാർലമെന്റ് മണ്ഡലങ്ങളുടെ തീരദേശ മേഖല കേന്ദ്രീകരിച്ചാണ് സംഗമം. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. കേന്ദ്രത്തിൽ യു.പി.എ സർക്കാർ അധികാരത്തിൽ വന്നാൽ മത്സ്യമേഖലയ്ക്കായി പുതിയ വകുപ്പ് രൂപീകരിക്കുമെന്ന രാഹുൽഗാന്ധിയുടെ പ്രഖ്യാപനം കാപട്യമാണ്. സ്വാതന്ത്യത്തിന് ശേഷം എറ്റവും കൂടുതൽ കാലം രാജ്യം ഭരിച്ചത് കോൺഗ്രസാണ്. എന്നിട്ടും വകുപ്പ് സ്ഥാപിക്കാനായില്ല. ബി.ജെ.പി ഭരണത്തിനും കഴിഞ്ഞില്ല. മത്സ്യത്തൊഴിലാളികളുടെ വോട്ടു കിട്ടുന്നതിനാണ് ശ്രമം. ഇക്കാര്യമാവശ്യപ്പെട്ട് സമരം നടത്തിയത് ഇടതുപക്ഷമാണ്. എന്നാൽ യാതൊരു പരിഗണനയുമുണ്ടായില്ല. മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെ തകർക്കുന്ന ആഴക്കടൽ മത്സ്യബന്ധനം നിരോധിക്കണമെന്നാവശ്യപ്പെട്ടു. എന്നാലിത് വിപുലീകരിക്കുകയാണ് കോൺഗ്രസും ബി..ജെ..പിയും ചെയ്തതെന്ന് നേതാക്കൾ ആരോപിച്ചു. മത്സ്യത്തൊഴിലാളികൾക്ക് ക്ഷേമപദ്ധതിയും പലിശരഹിത വായ്പയും അനുവദിച്ചത് എൽ.ഡി.എഫ് സർക്കാരാണ്. കടാശ്വാസ നിയമം കൊണ്ടുവന്നതും പിണറായിയാണെന്നും നേതാക്കൾ അവകാശപ്പെട്ടു. കെ.പി രാജേന്ദ്രൻ, കെ.വി പീതാംബരൻ, അഡ്വ ടി..ആർ രമേശ്കുമാർ, കെ.കെ രാമചന്ദ്രൻ, പി.എം അഹമ്മദ്, ഐ.കെ വിഷ്ണുദാസ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു...