തൃശൂർ: സത്യപ്രതിജ്ഞയ്ക്കായി നമ്പാടൻ മാഷ് തിരുവനന്തപുരത്തേക്ക് തിരിച്ചപ്പോൾ ഇട്ടുപ്പേട്ടന്റെ കൂപ്പായമാണ് ഇട്ടത്. ഇട്ടൂപ്പേട്ടന്റെ ഭാര്യ റെജീന ഇന്നലെ നടന്നതുപോലെ ഇക്കാര്യം ഓർത്തെടുക്കുകയാണ്. മന്ത്രിയായ ശേഷവും നമ്പാടൻ ആദ്യമായി എത്തിയത് തോട്ടവീഥിയുള്ള തങ്ങളുടെ വീട്ടിലേക്കായിരുന്നു. റെജീനയുടെ ഓർമ്മകൾക്ക് പിറകിൽ ഒരു രാഷ്ട്രീയ കഥ കൂടിയുണ്ട്.
പനമ്പിള്ളി ഗോവിന്ദ മേനോൻ എന്ന ജനപ്രതിനിധിയുടെ ഐതിഹാസികമായ പ്രവർത്തനങ്ങൾ ചാലക്കുടിയുടെ ഹൃദയത്തിലേക്ക് പുതിയൊരു രാഷ്ട്രീയ സന്ദേശത്തിന് കൂടി വിത്തുപാകിയ സമയം. തട്ടകത്തെ നേതാക്കൾ തന്നെ ജനപ്രതിനിധികളാകണമെന്നതായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. ഈ ആശയം ചാലക്കുടിയിലെ ജനങ്ങൾ ഇരുകൈയോടെ സ്വീകരിച്ചു.
അഭിഭാഷകനും കേരള കോൺഗ്രസ് നേതാവുമായ പി.കെ. ഇട്ടൂപ്പിന്റെ നിയമസഭയിലേക്കുള്ള കടന്നുവരവും പ്രവർത്തനങ്ങളും ഇതേ തുടർന്നായിരുന്നു. പുതിയ സിദ്ധാന്തത്തിന്റെ പിൻബലത്തിൽ കേൺഗ്രസ് നേതാവായ പി.പി. ജോർജ്ജിനെ കീഴ്‌പ്പെടുത്തിയ ചരിത്രമാണ് അഡ്വ. പി.കെ. ഇട്ടൂപ്പിന്റേത്. അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മണ്ഡലം കുത്തകയാക്കി വച്ചിരുന്നത് ഒല്ലൂർക്കാരനും മുൻ മന്ത്രിയുമായിരുന്ന പി.പി. ജോർജ്ജായിരുന്നു. ചാലക്കുടിക്കാരുടെ പുതിയ സമവാക്യത്തിൽ ഇട്ടൂപ്പിന് മുന്നിൽ ഏഴായിരത്തിൽപ്പരം വോട്ടുകളുടെ കുറവിൽ ജോർജ്ജിന്റെ കാലിടറി. മൂന്നു വർഷത്തിന് ശേഷമുള്ള രണ്ടാം അങ്കത്തിലും വിജയം ആവർത്തിച്ചെങ്കിലും ഇട്ടൂപ്പ് വക്കീലിന്റെ ഭൂരിപക്ഷം 129 വോട്ടിൽ ഒതുങ്ങി. പ്രൊഫ.പി.എ. തോമാസായിരുന്നു എതിരാളി.
ഇടതുപക്ഷത്തിനൊപ്പം മാണിയും ജോസഫും ലയിച്ച 1982 ലെ തിരഞ്ഞെടുപ്പിൽ മൂന്നാം അങ്കത്തിന് കച്ച കെട്ടിയ അദ്ദേഹം ആദ്യമായി പരാജയപ്പെട്ടു. ജനതാ പാർട്ടിയിലെ കെ.ജെ. ജോർജ്ജായിരുന്നു എതിരാളി. രണ്ടാം വിജയത്തിൽ ചുണ്ടിനും കപ്പിനും ഇടയിൽ വന്ന മന്ത്രി സ്ഥാനം വേണ്ടെന്ന് വയ്ക്കുമ്പോൾ അന്ന് ആദർശത്തിന്റെ ആൾരൂപമായി മാറി ഇട്ടൂപ്പു വക്കീൽ. കേരള കോൺഗ്രസിന് മൂന്നാം മന്ത്രി വേണമെന്ന ആവശ്യം ഫലപ്രാപ്തിയിലെത്താൻ സീനിയർ നേതാവായ ഇട്ടൂപ്പിന് വലിയൊരു ത്യാഗം ചെയ്യേണ്ടി വന്നു. ലോനപ്പൻ നമ്പാടനാണ് അന്നു പകരക്കാരനായി മന്ത്രിക്കസേര കിട്ടിയത്. അന്നാണ് നമ്പാടൻ മാഷ് തിരുവനന്തപുരത്തേക്ക് പോകുമ്പോൾ ഇട്ടൂപ്പൻ വക്കീലിന്റെ കുപ്പായം ഇട്ടത്.
എക്കാലത്തും കേരള കോൺഗ്രസുകാരനായിരുന്ന ഇട്ടൂപ്പ് ഇടതുപക്ഷത്തോടൊപ്പം നിന്ന കാലഘട്ടങ്ങളിലായിരുന്നു വിജയക്കൊടി നാട്ടിയത്. ചാലക്കുടി നഗരസഭയുടെ ആദ്യ തിരഞ്ഞെടുപ്പിൽ റിബലായും മത്സരിക്കേണ്ടി വന്നു. വിജയം കൈപ്പിടിയിൽ ഒതുക്കിയ അദ്ദേഹം അന്ന് ഇടതു പക്ഷത്തോടൊപ്പമാണ് നിന്നത്. അവരുടെ ചെയർമാൻ സ്ഥാനാർത്ഥിയായ ഇട്ടൂപ്പ് വക്കീലിന് ഒരംഗത്തിന്റെ കൂറുമാറ്റത്തെ തുടർന്ന് അന്ന് ചെയർമാൻ പദവിയും നഷ്ടപ്പെട്ടു. ആദ്യകാല സിനിമാ താരങ്ങളുമായെല്ലാം ഇട്ടൂപ്പേട്ടൻ ആത്മബന്ധം പുലർത്തിയിരുന്നു. അദ്ദേഹത്തിന്റെ വേർപാടിന് രണ്ടു പതിറ്റാണ്ടിന്റെ പ്രായമായെന്ന് ഭാര്യ റെജിനയ്ക്ക് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല.