തൃശൂർ : രണ്ട് ദിവസം കൊണ്ട് മണ്ഡലത്തിൽ നിറയുകയാണ് എൻ.ഡി.എ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളി. സമസ്ത മേഖലകളെയും തട്ടിയുണർത്തിയാണ് പ്രചരണം.
ക്ഷേത്രദർശനം, പ്രധാന വ്യക്തികൾ, സാധാരണക്കാർ തുടങ്ങി എൻ.ഡി.എയ്ക്ക് മേൽക്കൈ നേടാവുന്ന മേഖലകളെയെല്ലാം കേന്ദ്രീകരിച്ചാണ് പ്രചാരണം.
നാട് നേരിടുന്ന പ്രശ്‌നങ്ങൾ കേട്ടറിഞ്ഞും പരിഹാരങ്ങളും ഉറപ്പും നൽകി സ്ഥാനാർത്ഥി ബഹുദൂരം മുന്നേറിക്കഴിഞ്ഞു. ഓരോ സ്ഥലങ്ങളിൽ എത്തുമ്പോഴും നിറഞ്ഞ സ്വീകരണമാണ് തുഷാറിന് ലഭിക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷക്കാലം മോദി സർക്കാർ നടപ്പാക്കിയ ക്ഷേമപ്രവർത്തനങ്ങളും അദ്ദേഹം വോട്ടർമാർക്ക് മുന്നിൽ വിശദീകരിച്ചു.
ഭരണസിരാകേന്ദ്രമായ അയ്യന്തോൾ കളക്ടറേറ്റിലും ബാർ അസോസിയേഷനിലും ഇന്നലെ സന്ദർശനത്തിനെത്തിയ സ്ഥാനാർത്ഥിക്ക് ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്. ജീവനക്കാരും മറ്റും അടുത്തെത്തി സൗഹൃദം പങ്കിട്ടു. വടക്കുന്നാഥൻ ക്ഷേത്രം, കൂർക്കഞ്ചേരി മാഹേശ്വര ക്ഷേത്രം എന്നിവിടങ്ങളിൽ ദർശനത്തിനെത്തിയപ്പോൾ നിരവധി പേർ പിന്തുണ അറിയിക്കാനെത്തി. കൂർക്കഞ്ചേരി ക്ഷേത്ര ദർശനത്തിന് ശേഷം ഗുരുദേവന്റെ പർണ്ണശാലയും സന്ദർശിച്ചു. സ്വീകരിക്കാനെത്തുന്ന ആൾക്കൂട്ടങ്ങൾ, വലിയ ആത്മവിശ്വാസമാണ് എൻ.ഡി.എയ്ക്ക് നൽകുന്നത് . ചുമരെഴുത്ത് ഉൾപ്പെടെയുള്ള പ്രചരണ പരിപാടികളും സജീവമായിക്കഴിഞ്ഞു. മണ്ഡലത്തിലുടനീളം തുഷാറിന് സ്വാഗതമോതിയുള്ള പോസ്റ്ററുകളും നിറഞ്ഞു. തിരഞ്ഞെടുപ്പ് മണ്ഡലം കൺവെൻഷനുകൾക്കും തുടക്കമായിട്ടുണ്ട്. കൺവെൻഷനുകളിൽ പ്രമുഖരെ തന്നെയാണ് പങ്കെടുപ്പിക്കുക. ഇന്ന് വൈകീട്ട് മണലൂർ, ഗുരുവായൂർ മണ്ഡലം കൺവെൻഷനുകളിൽ നടനും എം.പിയുമായ സുരേഷ് ഗോപി പങ്കെടുക്കും. അഞ്ചിനാണ് ലോക്‌സഭാ മണ്ഡലം കൺവെൻഷനുകൾ..