കൊടുങ്ങല്ലൂർ: ചാലക്കുടിയിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഇന്നസെന്റ് ഇന്നലെ നാമനിർദേശ പത്രിക സമർപ്പിച്ചു. ഉച്ചയ്ക്ക് ഒന്നരയോടെ വരണാധികാരിയായ എറണാകുളം ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫീറുള്ള മുമ്പാകെയായിരുന്നു പത്രിക സമർപ്പണം. മുൻ എം.പി. കെ. ചന്ദ്രൻപിള്ള, പ്രസിഡന്റ് കെ.കെ. അഷ്‌റഫ്, മുൻ മന്ത്രി ജോസ് തെറ്റയിൽ, വി.ആർ. സുനിൽകുമാർ എം.എൽ.എ എന്നിവർ സ്ഥാനാർത്ഥിയോടൊപ്പമുണ്ടായിരുന്നു. പിതാവ് വറീതിന്റെ കല്ലറയിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് ഇന്നസെന്റ് എറണാകുളത്തേയ്ക്ക് തിരിച്ചത്. കാക്കനാടെത്തിയ ഇന്നസെന്റിനെ ഇ. ടി. ടൈസൺ മാസ്റ്റർ എം.എൽ.എ, സി.പി.എം നേതാക്കളായ ടെൽക് ചെയർമാൻ എൻ.സി. മോഹനൻ, അഡ്വ. യു. പി. ജോസഫ്, സി.ബി. ദേവദർശൻ എന്നിവർ സ്വീകരിച്ചു. അഞ്ചുവർഷത്തിനിടെ നടപ്പാക്കിയ 1750 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ തുടർച്ചയ്ക്കാണ് ഇത്തവണ വോട്ടു ചോദിക്കുന്നതെന്ന് നാമനിർദ്ദേശ പത്രിക സമർപ്പിച്ച ശേഷം ഇന്നസെന്റ് മാദ്ധ്യമങ്ങളോട് പറഞ്ഞു. . എംപി ഫണ്ട് 100% വിനിയോഗിക്കാനായതും വികസനത്തിന് കരുത്തേകി. മണ്ഡലത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ വളർച്ചയ്‌ക്കൊപ്പം ബി.പി.സി.എല്ലിന്റെ വമ്പൻ പദ്ധതിയായ പെട്രോകെമിക്കൽ പാർക്ക് യാഥാർത്ഥ്യമാക്കാനും മുൻഗണന നൽകും. ഇതിനു പുറമെ നട്‌മെഗ് പാർക്ക്, അഗ്രോ ഇൻഡസ്ട്രിയൽ പാർക്ക്, പരമ്പരാഗത മേഖലകളായ ഈറ്റ പനമ്പ് മേഖലയ്ക്കുള്ള പദ്ധതികൾ എന്നിവയും നടപ്പാക്കും. മേലൂർ പഞ്ചായത്തിൽ ഇൻഡോർ സ്‌റ്റേഡിയം മുതൽ കയ്പമംഗലത്തെ മറൈൻ കോളേജ് വരെ നീണ്ടതാണ് പദ്ധതി ലക്ഷ്യങ്ങൾ. വിമാനത്താവളവും കൊച്ചി നഗരവും തമ്മിൽ ജലഗതാഗതം, താലൂക്ക് ആശുപത്രികളുടെ വികസനം തുടങ്ങിയവയും ലിസ്റ്റിലുണ്ടെന്നും ഇന്നസെന്റ് പറഞ്ഞു. ഇന്ന് കയ്പമംഗലം നിയമസഭാ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലാണ് ഇന്നസെന്റിന്റെ പ്രചാരണം. രാവിലെ 7.30ന് അഴീക്കോട് ജെട്ടിയിൽ നിന്നാരംഭിക്കും.