kulam
വേലൂർ കുട്ടംകുളത്ത് തൊഴിലുറപ്പ് തൊഴിലാളികൾ നിർമ്മിച്ച കുളം

എരുമപ്പെട്ടി: രൂക്ഷമായ വരൾച്ചയെ നേരിടാൻ കുട്ടംകുളം നിവാസികൾ ഒരുങ്ങി. തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ പ്രദേശത്ത് വലിയകുളം നിർമ്മിച്ചാണ് കൊടും വരൾച്ചയെ നേരിടാൻ തയ്യാറെടുത്തിരിക്കുന്നത്. വേലൂർ പഞ്ചായത്ത് എട്ടാം വാർഡിലെ കുട്ടംകുളത്താണ് ജലക്ഷാമം പരിഹരിക്കാൻ കുളം നിർമ്മിച്ചിട്ടുള്ളത്. കർഷകയായ ഓമന ജോയിയുടെ കൃഷിയിടത്തിൽ കുളം നിർമ്മിക്കാനുള്ള സ്ഥലം നൽകുകയായിരുന്നു.

പതിനൊന്ന് മീറ്റർ വീതിയും ആറു മീറ്റർ താഴ്ചയുമാണ് കുളത്തിനുള്ളത്. 1,95,600 രൂപ ചെലവഴിച്ച് 564 തൊഴിൽ ദിനങ്ങൾ ഉപയോഗിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്. പടവുകളോട് കൂടിയ മനോഹരമായ കുളത്തിൽ ഒരു കോലിലധികം തെളിഞ്ഞ ശുദ്ധജലമുണ്ട്. വേനലിൽ കർഷകർക്കും പരിസരവാസികൾക്കും ഇത് വലിയൊരു ആശ്വാസമാണ്. ജലസേചനവും തുടർന്ന് മത്സ്യം വളർത്തലുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. തൊഴിലുറപ്പ് മേറ്റ് സോണിയ, എ.ഇ. സുരഭി, ഓവർസിയർ ജ്യോത്സന, രസിക വി.ഇ.ഒ. മാരായ രശ്മി, പ്രശാന്തിനി എന്നിവർ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. വേലൂർ പഞ്ചായത്ത് പ്രസിഡന്റ് ഷേർളി ദിലീപ് കുമാർ കുളം നാടിന് സമർപ്പിച്ചു.