ഗുരുവായൂർ: നരേന്ദ്രമോദി സർക്കാരിന്റെ മികവിനെ ചോദ്യം ചെയ്യാൻ പ്രതിപക്ഷത്തിന് ഈ ജന്മം മതിയാകില്ലെന്ന് സുരേഷ് ഗോപി എം.പി. ഗുരുവായൂർ നിയോജക മണ്ഡലം എൻ.ഡി.എ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകം മുഴുവൻ അംഗീകരിക്കുന്ന ഭാരതത്തിലെ രണ്ടാമത്തെ നേതാവാണ് നരേന്ദ്ര മോദിയെന്നും അദ്ദേഹം പറഞ്ഞു. പ്രളയത്തിന്റെ പേരിൽ നടത്തിയ മനുഷ്യക്കുരുതിക്ക് ഒരു തലോടലെന്ന രൂപേണ നടത്തിയ പുനരധിവാസത്തിലും സ്വജനപക്ഷപാതമായിരുന്നു കമ്മ്യൂണിസ്റ്റുകാർ ചെയ്തത്. ആദ്യ ഘട്ടമെന്ന പേരിൽ പ്രഖ്യാപിച്ച 10,000 രൂപ പോലും മുഴുവൻ പേർക്കും കൊടുത്തില്ല. കമ്മ്യൂണിസം എന്ന് പറയുന്നതിന്റെ യഥാർത്ഥ അന്തസത്ത അവകാശപ്പെടാൻ കഴിയുന്ന ഒരൊറ്റ കമ്മ്യൂസ്റ്റുകാരൻ പോലും ഭാരതത്തിലില്ല. മുന്നാക്കകാർക്ക് പ്രഖ്യാപിച്ച പത്ത് ശതമാനം സംവരണത്തിന് എട്ട് ലക്ഷം രൂപ വാർഷിക വരുമാനം എന്ന പരിധിയിൽ പിഴവ് സംഭവിച്ചിട്ടുണ്ട്. അടുത്ത ലോക്‌സഭ വന്നാൽ പ്രധാന മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി ഇത് തിരുത്തിക്കും. ഇന്ദിരാഗാന്ധിയും, നരസിംഹ റാവുവും വാജ്‌പേയിയുമായിരുന്നു നരേന്ദ്രമോദിയ്ക്ക് മുമ്പുള്ള മികച്ച പ്രധാനമന്ത്രിമാരെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ നിന്നും അടുത്ത ലോക്‌സഭയിൽ എൻ.ഡി.എയ്ക്ക് ആറ് അംഗങ്ങൾ ഉണ്ടാകുമെന്നും സുരേഷ് ഗോപി പറഞ്ഞു. ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് കെ.ആർ. അനീഷ് അദ്ധ്യക്ഷനായി. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എ. നാഗേഷ്, പി.എം. ഗോപിനാഥൻ, ഷിജിൻ ചുള്ളിപ്പറമ്പിൽ, ദയാനന്ദൻ മാമ്പുള്ളി, അനീഷ് ഇയ്യാൽ, ശോഭ ഹരിനാരായണൻ, രാജൻ തറയിൽ, ബാലൻ തിരുവെങ്കിടം, സുമേഷ് തേർളി എന്നിവർ സംസാരിച്ചു...