തൃശൂർ: കേരളത്തിൽ കോലീബി സഖ്യമുണ്ടെന്ന് പറയുന്നവർ വിഡ്ഢികളുടെ സ്വർഗത്തിലാണെന്നും മത്സരം മോദിക്കെതിരെയാണെന്നും മുസ്ലിം ലീഗ് നേതാവും മുൻമന്ത്രിയുമായ ഡോ. എം.കെ മുനീർ എം.എൽ.എ പറഞ്ഞു. അണ്ടത്തോട് തങ്ങൾപടിയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ടി.എൻ പ്രതാപന്റെ പര്യടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചൗകിദാർ ചോർഹേ എന്ന് ആദ്യം മുഴക്കിയത് രാഹുൽഗാന്ധിയാണ്. രാജ്യം കള്ളന്മാരുടെയും കൊള്ളക്കാരുടെയും കൈകളിൽ നിന്നും രക്ഷപ്പെടണമെന്നാഗ്രഹിക്കുന്നവർ യു.ഡി.എഫിനൊപ്പം നിൽക്കും. നരേന്ദ്രമോദിയെപ്പോലുള്ള ഏകാധിപതിയായ പ്രധാനമന്ത്രി ഇന്ത്യയിൽ ഇതിനുമുമ്പുണ്ടായിട്ടില്ല. കടിച്ചാൽപൊട്ടാത്ത നുണകളുമായി കേരളം ഭരിക്കുന്ന പിണറായി സർക്കാറിന്റെ നയങ്ങൾക്കെതിരെയുള്ള വിധി എഴുത്ത് കൂടിയായിരിക്കും തിരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു. ജലീൽ വലിയകത്ത് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് ജോസ് വള്ളൂർ മുഖ്യ പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.എച്ച് റഷീദ്, ഒ. അബ്ദുറഹ്മാൻകുട്ടി, എം.പി വിൻസന്റ്, സി.എ റഷീദ്, പി. യതീന്ദ്രദാസ്, പ്രിയ ഗോപിനാഥ് , കെ.എ ഹാറൂൺ റഷീദ്, ആർ.വി അബ്ദുറഹീം, പി.എ ഷാഹുൽഹമീദ് തുടങ്ങിയവർ പറഞ്ഞു..