vj

തിരുവനന്തപുരം: സി.പി.എം നേതാവും മുൻ മന്ത്രിയുമായ വി.ജെ. തങ്കപ്പൻ (87) വിടവാങ്ങി. നെയ്യാറ്റിൻകര ആറാലുംമൂട്ടിലെ തലയൽ വട്ടവിളാകത്ത് വീട്ടിൽ ഇന്നലെ പുലർച്ചെ ആറ് മണിയോടെയായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ഏറെനാളായി കിടപ്പിലായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ നടക്കും.

1987-91 കാലത്ത് നായനാർ മന്ത്രിസഭയിൽ തദ്ദേശ സ്വയംഭരണ മന്ത്രിയായിരുന്നു. നേമം മണ്ഡലത്തിൽ നിന്ന് മൂന്നു തവണയും നെയ്യാറ്റിൻകര മണ്ഡലത്തിൽ നിന്ന് ഒരു തവണയും എം.എൽ.എയായി. പ്രോട്ടെം സ്പീക്കർ പദവിയും വഹിച്ചിട്ടുണ്ട്. അധികാര വികേന്ദ്രീകരണം സംബന്ധിച്ച കൺസൾട്ടേറ്റീവ് കമ്മിറ്റി ചെയർമാനായും ഭരണപരിഷ്കാര കമ്മിഷൻ വൈസ് ചെയർമാനായും നടത്തിയ പ്രവർത്തനങ്ങൾ ശ്രദ്ധേയമായിരുന്നു.

തലയൽ വട്ടവിളാകത്ത് വീട്ടിൽ ജോൺസൻ നാടാരുടെയും ജ്ഞാനമ്മയുടെയും മകനായി 1934 ഏപ്രിൽ 20 നാണ്‌ വി.ജെ. തങ്കപ്പൻ ജനിച്ചത്. വിദ്യാർത്ഥിയായിരിക്കുമ്പോൾ രാഷ്ട്രീയത്തിൽ പ്രവേശിച്ചു. യൂണിവേഴ്‌സിറ്റി കോളേജിൽ നിന്ന് ബിരുദം പൂർത്തിയാക്കിയ ശേഷം 1963ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പ്രവർത്തിച്ചുതുടങ്ങി.

ഭാര്യ: പരേതയായ ഇസബെല്ല. മക്കൾ: വി.ടി. മോഹനൻ (എവറസ്റ്റ് പബ്ലിക്കേഷൻ), അഡ്വ. വി.ടി. ബിനിക്കുട്ടൻ, വി.ടി. നന്ദിനി, വി.ടി. ഷാജൻ (ലേബർ കമ്മിഷണർ ഒാഫീസ്). മരുമക്കൾ: ഗ്രേസ് (എൽ.എം.എസ്), ബീന, പ്രകാശ് (മാനേജർ, വൈശ്യാ ബാങ്ക്), രേഖ വി. നായർ (കൺസ്യൂമർ ഫെഡ്).