വേനലിൽ ടാങ്കർ ലോറിയിലെ വെള്ളം, മഴക്കാലത്ത് വെള്ളപ്പൊക്കവും ദുരിതാശ്വാസക്യാമ്പും എന്നതാണ് കേരളത്തിന്റെ ഇപ്പോഴത്തെ സ്ഥിതി. എന്തുകൊണ്ടാണ് ഇത്രയും രൂക്ഷമായ ജലക്ഷാമം എന്ന് വേവലാതിപ്പെടും മുൻപ് മഴവെള്ള സംഭരണി എന്ന ആശയത്തോട് മലയാളി പുലർത്തുന്ന അവഗണനയെക്കുറിച്ചു കൂടി അറിയണം.
പുതുതായി നിർമ്മിക്കുന്ന കെട്ടിടങ്ങൾക്ക് മഴവെള്ളസംഭരണി നിർബന്ധമാക്കി ഉത്തരവിറങ്ങിയിട്ട് 15 വർഷം പിന്നിട്ടു. 2003 ലെയും 2004 ലെയും വരൾച്ചയെ തുടർന്നാണ് വീടുകളോടൊപ്പം മഴ വെള്ളസംഭരണ, ഭൂജല പരിപോഷണ സംവിധാനങ്ങൾ വേണമെന്ന് 2004 ൽ ജലവിഭവ വകുപ്പ് ഉത്തരവിറക്കിയത്. ഉത്തരവ് നിലവിലുണ്ടെങ്കിലും പുതുതായി പണിയുന്ന കെട്ടിടങ്ങളിലൊന്നിലും മഴവെള്ള സംഭരണിയില്ല. തുടക്കത്തിൽ 1000 ചതുരശ്രയടിക്ക് മുകളിലുള്ള കെട്ടിടങ്ങൾക്ക് നിർബന്ധമാക്കിയിരുന്ന മഴവെള്ള സംഭരണി 2011 ൽ മറ്രൊരു ഉത്തരവിലൂടെ 1500 ചതുരശ്രയടിയാക്കി ഉയർത്തി. എന്നിട്ടും സംഭരണിയോട് മുഖംതിരിച്ച് നിന്നുകളഞ്ഞു മലയാളി.
കെട്ടിടങ്ങൾക്ക് നമ്പറിട്ട് നൽകുന്നത് തദ്ദേശസ്വയംഭരണ വകുപ്പാണ്. കെട്ടിനിർമ്മാണ പ്ലാനിനോടൊപ്പം മഴവെള്ള സംഭരണിയുടെ ഡിസൈൻ ഉൾപ്പെടുത്തണമെന്നാണ് നിയമം. എന്നാൽ 10 ശതമാനം കെട്ടിടങ്ങളിൽപ്പോലും പ്ലാനുകളിലുള്ള സംഭരണി നിർമ്മിച്ചിട്ടുണ്ടാവില്ല. ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയും സ്വാധീനമുപയോഗിച്ചും വീട്ടുടമസ്ഥർ മഴവെള്ളസംഭരണി ഒഴിവാക്കി നമ്പർ ഇട്ട് വാങ്ങും. മഴവെള്ള സംഭരണി ഒഴിവാക്കാൻ കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥരുടെയും പഞ്ചായത്തുകളുടെയും നയം സംഭരണികൾ നിറഞ്ഞില്ലെങ്കിലെന്താ പോക്കറ്റുകൾ നിറയുമല്ലോ എന്നതാണ്. അതുകൊണ്ടല്ലേ ഉത്തരവ് നിലവിൽ വന്ന് 15 വർഷമായിട്ടും മഴവെള്ളസംഭരണികളുടെ കണക്കെടുക്കാൻ ആരും തുനിയാത്തത്. ദീർഘമായ ഇടവേളകളിൽ മാത്രം മഴ കിട്ടുന്ന രാജസ്ഥാൻ പോലുള്ള സംസ്ഥാനങ്ങളിൽ മഴവെള്ളം ശേഖരിച്ച് വർഷങ്ങളോളം ഉപയോഗിക്കുമ്പോഴാണ് ഇത്രയും സുലഭമായ മഴ പാഴാക്കി കളയുന്നതെന്ന് ഓർക്കണം.
ഫെറോസിമന്റ് ടാങ്കുകൾ
ആദ്യകാലങ്ങളിൽ ഫെറോസിമന്റ് സാങ്കേതികവിദ്യയിലുള്ള മഴവെള്ള സംഭരണികൾ ജലനിധി, പഞ്ചായത്ത് വഴി വിവിധ പദ്ധതികളിലായി വീടുകൾക്ക് നിർമ്മിച്ച് നൽകിയിരുന്നു. എന്നാൽ ഇവ വ്യാപകമായില്ല. സിമന്റ് , മണൽ, കോഴിവലകൾക്ക് ഉപയോഗിക്കുന്ന ഇരുമ്പ് വല, കുറേക്കൂടി കട്ടികൂടിയ ഇരുമ്പ് വല എന്നിവയാണ് ഫെറോസിമന്റ് ടാങ്കിന്റെ അസംസ്കൃത വസ്തുക്കൾ. വൃത്താകൃതിയിലുള്ള നെറ്റിന്റെ അകം പുറം വശങ്ങൾ 3:1 എന്ന അനുപാതത്തിൽ സിമന്റും മണലും ചേർത്ത മിശ്രിതം ഉപയോഗിച്ച് തേച്ച് വൃത്തിയാക്കിയാണ് ഫെറോസിമന്റ് ടാങ്കുകൾ തയാറാക്കുന്നത്. ചോർച്ചയില്ലാതെ നല്ല ബലത്തോടുകൂടി ഇത്തരം ടാങ്കുകൾ സജ്ജമാക്കാം. ടാങ്കിൽ ആദ്യമായി നിറയ്ക്കുന്ന വെള്ളം പൂർണമായും പുറത്ത് കളയണം. വെള്ളത്തിൽ സിമന്റിന്റെ രുചി മാറാൻ ഇത് സഹായിക്കും. മഴവെള്ള സംഭരണിയുടെ പുറംവശം വൈറ്റ് സിമന്റ് അടിക്കണം. ഇത് പായൽ ഒഴിവാക്കാനും സൂര്യപ്രകാശം നേരിട്ട് ടാങ്കിൽ പതിക്കാതിരിക്കാനും സഹായിക്കും.
മാതൃകയായി രാജ്ഭവനും നിയമസഭാമന്ദിരവും
കേരള രാജ് ഭവനിൽ 50,000 ലിറ്ററിന്റെ മഴവെള്ള സംഭരണിയും നിയമസഭാ കോംപൗണ്ടിൽ അഞ്ച് ലക്ഷം ലിറ്റർ വീതം സംഭരണശേഷിയുള്ള അഞ്ച് മഴവെള്ള സംഭരണികളും ( മൊത്തം 25 ലക്ഷം ) നിർമ്മിച്ചിട്ടുണ്ട്. സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ എന്നിവരുടെ ഔദ്യോഗിക വസതികളിലും മഴവെള്ള സംഭരണികളുണ്ട്. സംസ്ഥാന ആസൂത്രണ ബോർഡിലും 50,000 ലിറ്ററിന്റെ മഴവെള്ള സംഭരണിയുണ്ട്.
മഴവെള്ള സംഭരണി നിർദ്ദേശങ്ങൾ
കർശന നടപ്പിലാക്കൽ (പഴയതും പുതിയതുമായ എല്ലാ കെട്ടിടങ്ങൾക്കും)
സബ്സിഡി നൽകൽ
ടാക്സ് ഇളവ് നൽകൽ
പ്രചാരണ പരിശീലനം
പദ്ധതികൾ
സെക്രട്ടേറിയറ്റ്, മന്ത്രിമന്ദിരങ്ങൾ, പ്രധാന സർക്കാർ സ്ഥാപനങ്ങൾ, വിദ്യാലയങ്ങൾ എന്നിവിടങ്ങളിൽ മാതൃക പദ്ധതികൾ നടപ്പാക്കാം
മഴസംഭരണിയിലെ ജലശുദ്ധി ഉറപ്പാക്കാം
മഴവെള്ളസംഭരണി നിർമ്മിച്ചതിനു ശേഷം ടാങ്കിനകവും പുറവും കഴുകി വൃത്തിയാക്കുക.
ആദ്യമഴ വീണ് പുരപ്പുറം വൃത്തിയായെന്ന് ഉറപ്പാക്കുക.
കൊതുകുകളും സൂര്യപ്രകാശവും കടക്കാതെ ടാങ്കിന്റെ മൂടി അടച്ചു സൂക്ഷിക്കുക.
ആദ്യമഴയെ ഒഴുക്കി കളയാനുള്ള സംവിധാനത്തിന്റെ ഭാഗമായ പൈപ്പിന്റെ അഗ്രഭാഗത്തെ അടപ്പ് ശരിയാണെന്ന് ഉറപ്പുവരുത്തുക. ടാങ്കിലേക്ക് ജലം ശേഖരിക്കുമ്പോൾ ടാപ്പ് അടച്ച് സൂക്ഷിക്കുക.
ടാങ്ക് നിറഞ്ഞതിന് ശേഷമുള്ള ജലം പുറത്തേക്ക് ഒഴുക്കാനുള്ള പൈപ്പിന്റെ അഗ്രഭാഗം നൈലോൺ വല, തുണി, പി.വി.സി അടപ്പ് എന്നിവ ഉപയോഗിച്ച് പൊതിയുകയും ആവശ്യാനുസരണം മാറ്റുകയും ചെയ്യുക.
ടാങ്കിന് സമീപം മലിനജലം, മലിനവസ്തുക്കൾ എന്നിവ കെട്ടിക്കിടക്കരുത്
മേൽക്കൂര, ടാങ്ക് എന്നിവയിലേക്ക് ചാഞ്ഞു കിടക്കുന്ന മരച്ചില്ലകൾ വെട്ടിമാറ്റുക.
വെള്ളം ശേഖരിക്കാനുള്ള പാത്തികളിൽ മലിനവസ്തുക്കൾ വരാതെ സൂക്ഷിക്കുക.
വർഷത്തിലൊരിക്കൽ ടാങ്ക് കഴുകി വൃത്തിയാക്കുക. ഫിൽട്ടർ ടാങ്കിലെ വസ്തുക്കൾ വർഷത്തിലൊരു പ്രാവശ്യം മാറ്റി പുതിയത് നിറയ്ക്കുകയോ വൃത്തിയാക്കുകയോ ചെയ്യുക.
നാളെ : വേനൽ കടുക്കും മുൻപ് മണ്ണിനെ പുതപ്പിക്കൂ