കടുത്ത വേനലിൽ സൂര്യതാപമേറ്റ് പൊള്ളുന്ന ഭൂമിയെ തണുപ്പിക്കാൻ വേണ്ടത് പച്ചില, കരിയില പുതപ്പുകളാണ്. മണ്ണിന്റെ ഈർപ്പം നിലനിറുത്താൻ ഏറ്റവും ശാസ്ത്രീയമായ മാർഗമാണ് പുതയിടൽ.
വേനൽക്കാലത്തിന് തൊട്ടുമുൻപ് ചെടികളുടെ ഇലകളും ചില്ലകളും ഉപയോഗിച്ച് മണ്ണിനെ പുതപ്പിക്കാം. നല്ല കനത്തിൽ വിളകൾക്കിടയിലും മണ്ണ് അല്പം പോലും പുറത്തുകാണാതെ എല്ലായിടങ്ങളിലും പച്ചില പുതപ്പ് തയ്യാറാക്കണം. മഴവെള്ളം ഭൂമിയിൽ ഊർന്നിറങ്ങാൻ മികച്ച മാർഗമാണിത്.
പുതയിടലിന്റെ ഗുണങ്ങൾ
മഴക്കാലത്ത് മണ്ണിലും മണ്ണിനടിയിലും ശേഖരിക്കപ്പെട്ട ജലം വേനൽച്ചൂടിൽ അധികമായി ബാഷ്പീകരിച്ച് നഷ്ടമാകുന്നില്ല.
നേരിട്ട് സൂര്യതാപം ഏൽക്കാത്തതിനാൽ മണ്ണിലെ ജലാംശം നഷ്ടപ്പെടാതിരിക്കും
മണ്ണിന്റെ ജലാഗീരണശേഷി വർദ്ധിക്കുന്നു
മഴയെ പരമാവധി കരുതാൻ സഹായിക്കും.
മണ്ണിലെ ജൈവാംശം കൂട്ടാൻ അത്ഭുത ശക്തിയുണ്ട് പച്ചിലകൾക്ക്.
മണ്ണിന്റെ ഉത്പാദനക്ഷമത വർദ്ധിക്കുന്നു.
വേനൽക്കാലത്ത് ഇലകളും ചില്ലകളും പൊഴിയും. ഇവ മഴക്കാലത്ത് മഴവെള്ളവും മണ്ണുമായി യോജിച്ച് ചെറിയ മൺകട്ടകൾ രൂപപ്പെടുന്നു. മണ്ണിനെ മൺകട്ടകളാകുവാനുള്ള പശയായി പ്രവർത്തിക്കുന്നത് ഇലകളിലെ വിവിധ ഘടകങ്ങളാണ്. ഇലകളുടെ സഹായത്താൽ രൂപപ്പെടുന്ന മൺകട്ടകൾക്കിടയിലുള്ള സുഷിരങ്ങളിൽ ജലം ശേഖരിക്കപ്പെടുന്നു. വേനൽ കടുത്താലും സുഷിരങ്ങൾക്കിടയിലെ ജലാംശം നഷ്ടമാകുന്നില്ല. ചൂട് വർദ്ധിക്കുമ്പോൾ മൺകട്ടകൾ പൊടിഞ്ഞ് മണ്ണിനാവശ്യമായ ഈർപ്പം ലഭിക്കും.
കരിയില കത്തിച്ച് ഭൂമിയെ പൊള്ളിക്കരുതേ
ജനവാസ മേഖലകളിൽ വേനൽക്കാലത്ത് കരിയിലകളും മണ്ണിൽ ലയിക്കുന്ന ചപ്പുചവറുകളും പുതയിടുന്നതിനു പകരം കൂട്ടിയിട്ട് കത്തിക്കുന്നത് വ്യാപകമാണ്. ഇതിലൂടെ മണ്ണും വായുവും ചൂടാകുന്നു. മാത്രമല്ല മഴയെ കരുതുവാൻ സ്വാഭാവികമായി മണ്ണൊരുക്കാനുള്ള സാഹചര്യവും ഇല്ലാതാകുന്നു. ഈ അപകടസാഹചര്യം ഒഴിവാക്കി കഴിയുന്നത്ര പരമാവധി മണ്ണിൽ പുതയിടേണ്ടതാണ്.
കണികാ ജലസേചനം, തുള്ളിനന
പൈപ്പുകളുടെ സഹായത്താൽ ഓരോ വിളകൾക്കും ആവശ്യമായ വെള്ളം മാത്രം ചെടികളുടെ ചുവട്ടിൽ എത്തിക്കുകയാണ് ചെയ്യുന്നത്. ജലം ലഭിക്കാനും ജലധൂർത്ത് ഒഴിവാക്കാനും ഈ രീതി ഏറെ സഹായകമാണ്.
പുരയിട ജലസംരക്ഷണം
പറമ്പിനുചുറ്റും മതിലില്ലെങ്കിൽ മൺതിട്ട നിർമിച്ചു കുറ്റിച്ചെടികൾ പിടിപ്പിക്കുക. കുളവും കിണറും വൃത്തിയായി സൂക്ഷിക്കാൻ പരിസരവും ശുചിത്വമുള്ളതാകണം. ജലസ്രോതസുകൾക്കരികിൽ മാലിന്യം കൂട്ടിയിടരുത്. മരങ്ങൾ, ചെടികൾ എന്നിവയുടെ ചുവട്ടിൽ വലിയതോതിൽ മഴവെള്ളം തടഞ്ഞുനിറുത്താൻ ചരിവിന്റ താഴെ ഭാഗത്ത് വരമ്പ് വരുംവിധം തടമെടുക്കാം.
ജലസേചനം യുക്തിയോടെ
കൃഷിയിടങ്ങൾ മൊത്തമായോ ഭാഗീകമായോ ജലംനിറച്ച് കൃഷിചെയ്യുന്നതാണ് ഫ്ലഡിംഗ് . വെള്ളം നിയന്ത്രിച്ച് ആവശ്യാനുസരണം നൽകുന്നരീതിയാണ് കൺട്രോൾഡ് ഫ്ലഡിംഗ് . നെൽപ്പാടങ്ങളിൽ ചുറ്റുവരമ്പുകളിൽ അനുയോജ്യമായ സ്ഥലങ്ങളിൽ മടകളുണ്ടാക്കി ജലസേചനം നിയന്ത്രിക്കുന്ന രീതിയെ ചെക്ക് ഫ്ലഡിംഗ് എന്ന് വിളിക്കുന്നു. ചെടികൾക്കും സസ്യങ്ങൾക്കും ചുറ്റും തടസമുണ്ടാക്കി വെള്ളം കെട്ടിനിറുത്തിയുള്ള ജലസേചനമാണ് ബേസിൽ ഫ്ലഡിംഗ് . പാടശേഖരങ്ങളെ പല കണ്ടങ്ങളായി തരം തിരിക്കുകയും അതിലൂടെ ജലനിരപ്പുയർത്തി താഴ്ന്ന മേഖലകളിൽ നിന്നും ഉയർന്ന ഭാഗങ്ങളിലേക്ക് ഒരറ്റം മുതൽ മറ്റേഅറ്റം വരെ ജലസേചിതമാക്കുന്ന സിഗ്സാഗ് ജലസേചനവും മികച്ചതാണ്. ഈ രീതികളെല്ലാം വേനലിൽ ജലത്തിന്റെ പാഴ്ചെലവ് ഒഴിവാക്കും.
കിണർ വരണ്ടു പോകാതെ...
പുരപ്പുറങ്ങളിൽ വീഴുന്ന മഴവെള്ളം ശുദ്ധീകരിച്ച് കിണറുകളിലേക്ക് കടത്തിവിടുന്ന കിണർ റീചാർജിംഗ് വഴി ജലനിരപ്പ് കൂടുമെന്ന് മാത്രമല്ല ജലശുദ്ധിയും വർദ്ധിക്കും. പക്ഷേ പറഞ്ഞിട്ടെന്തു കാര്യം, സംസ്ഥാനത്തെ ലക്ഷക്കണക്കിന് കിണറുകൾ ഏപ്രിൽ, മേയ് മാസങ്ങളിൽ വറ്റിപോകുകയാണ് പതിവ്. റീചാർജ് ചെയ്താൽ ഈ കിണറുകളുടെ ജലശേഷി പതിൻമടങ്ങ് വർദ്ധിപ്പിക്കാവുന്നതേയുള്ളൂ. സംസ്ഥാനത്ത് ചെറിയൊരു ശതമാനം കിണറുകൾ മാത്രമേ റീചാർജ്ജ് ചെയ്യപ്പെടുന്നുള്ളൂ. ഇവയുടെയും കൃത്യമായ കണക്കുകൾ വകുപ്പുകളിൽ ലഭ്യമല്ല. തൃശൂരിൽ ജില്ലാ കളക്ട്രേറ്റിന്റെ പ്രോജക്ടായി 'മഴപ്പൊലിമ" എന്ന പേരിൽ കിണർ റീചാർജ് പദ്ധതി ആരംഭിച്ച് നടന്നുവരുന്നു. ഏകദേശം 30,000 കിണറുകൾ ഈ പദ്ധതിയിൽ റീചാർജ്ജ് ചെയ്തിട്ടുണ്ട്.
മഴക്കുഴി നിർമ്മാണം, തെങ്ങിന് തടമെടുക്കൽ, കിണർ റീചാർജ് ഇവക്കെല്ലാം തൊഴിലുറപ്പിൽ വലിയ സാധ്യതയാണുള്ളത്. പക്ഷേ വേണ്ടത്ര ഫലപ്രദമായിട്ടില്ല. 50 വർഷമായി നീർത്തടാധിഷ്ഠിത വികസന മാമാങ്കം നടക്കുന്നു. നാളിതുവരെ ഒരു ചെറിയ പ്രദേശം പോലും സമഗ്രവും ശാസ്ത്രീയവുമായി പരിപാലിക്കാനോ കേരളത്തിന് വേണ്ടി ഒരു മികച്ച മാതൃകയുണ്ടാക്കാനോ കഴിഞ്ഞിട്ടില്ല.
സ്കൂളിൽ തുടങ്ങണം ജലപാഠം
വിദ്യാഭ്യാസത്തിൽ ജലസംരക്ഷണത്തിന്റെ പതിവ് പാഠങ്ങളും ചെവിത്തഴമ്പ് വിജ്ഞാനവും മാത്രം നൽകി നമ്മുടെ തലമുറയെ നീറുവകളില്ലാത്ത ഭൂമികളാക്കി മാറ്റരുത്. സ്കൂളിൽ നിന്ന് തുടങ്ങണം 'ജലം ജീവനെന്ന കരുത്തുറ്റ പാഠം." ഒരുതുള്ളി പോലും പാഴാക്കാതെ നാളേക്ക് കരുതി വയ്ക്കുന്നവരായി അവർ വളരട്ടെ. കുളിമുറിയിൽ കയറി രണ്ട് മണിക്കൂർ ജലോത്സവം കൊണ്ടാടുന്ന രീതി കുട്ടികൾക്കുണ്ട്. സ്നേഹപൂർവം ഇതിന്റെ ദോഷവശങ്ങൾ അവരെ പറഞ്ഞു മനസിലാക്കണം. തുറന്നിട്ട ടാപ്പിന് മുന്നിൽ നിന്ന് ദീർഘനേരം മുഖവും കൈയും കഴുകുന്ന ശീലം വരുത്തുന്ന ജലനഷ്ടവും ചെറുതല്ല. ഇന്ന് പാഴാക്കുന്ന ഓരോ തുള്ളിക്ക് വേണ്ടിയും നാളെ നിസഹായമായ കാത്തിരിപ്പ് വേണ്ടി വന്നേക്കാം.
സ്നേഹശാസനകൾക്കൊപ്പം ജീവന്റെ ജലപാഠങ്ങൾ കുട്ടികളെ ഓർമ്മിപ്പിക്കുക. മുതിർന്നവർക്കൊപ്പം കുട്ടികളും പഠിച്ചിരിക്കണം ജലസംരക്ഷണത്തിന്റെ അടിസ്ഥാനപാഠങ്ങൾ. ജലസംരക്ഷണം നമ്മുടെ കർത്തവ്യമാണെന്ന ബോധം വേണം. ജലസ്വാശ്രയത്വത്തിലേക്ക് വഴികാട്ടുന്ന അറിവാണ് ജലസാക്ഷരത.
നാളെ : കുപ്പിവെള്ള കുഴൽക്കിണർ മാഫിയ